Gulf

തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

ഈ വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇത്തവണ ഹജ്ജ് സേവനത്തിനായി പരമാവധി സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി സൗദി സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

കര്‍മങ്ങളുമായും പുണ്യ സ്ഥലങ്ങളിലെ യാത്ര, താമസം എന്നിവയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മാര്‍ട്ട് കാര്‍ഡില്‍ രേഖപ്പെടുത്തും. കാര്‍ഡ് സ്‌കാന്‍ ചെയ്ത ശേഷമായിരിക്കും ഹോട്ടലുകളിലും മറ്റും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. എല്ലാ സമയക്രമങ്ങളും കാര്‍ഡ് വഴി അറിയാനാകും. പുണ്യസ്ഥലങ്ങളിലെ സന്ദര്‍ശനത്തില്‍ കാര്‍ഡ് സ്‌കാന്‍ ചെയ്യാന്‍ സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിക്കും. ഇത്തവണത്തെ ഹജ്ജിന് സാങ്കേതിക സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.

തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നു എന്നുറപ്പുവരുത്തായാനാണ് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഇത്തരത്തില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തത് ഗുണകരമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ എല്ലാ തീര്‍ത്ഥാടകര്‍ക്കും കാര്‍ഡുകള്‍ നല്‍കുന്നത്.