ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബായ് വേള്‍ഡ് കപ്പ് നാളെ നടക്കും. ദുബായ് മെയ്ദാന്‍ റെയ്‌സ്‌കോഴ്‌സിലാണ് മത്സരം നടക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന വേള്‍ഡ് കപ്പില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുളള സൗന്ദര്യവും കരുത്തും ഒത്തിണങ്ങിയ കുതിരകള്‍ മാറ്റുരയ്ക്കും.
12 രാജ്യങ്ങളില്‍ നിന്നുള്ള 126 കുതിരകളാണ് ഇത്തവണ മത്സര രംഗത്തെത്തുക. 192 കോടിയിലധികം രൂപ വിലയുള്ള സമ്മാനതുകയാണ് മത്സരത്തിന്റെ പ്രധാന ആവേശം. മത്സരത്തിന്റെ ഇരുപ്പത്തിയേഴാമത് അധ്യായമാണ് നാളെ നടക്കുക. എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാന ശനിയാഴ്ചയാണ് ദുബായ് വേള്‍ഡ് കപ്പ് അരങ്ങേറുക.
കൊവിഡ് നിയന്ത്രണങ്ങള്‍ മുഴുവന്‍ നീങ്ങിയതോടെ ഇത്തവണ കൂടുതല്‍ പരിപാടികള്‍ ദുബായി വേള്‍ഡ് കപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വേള്‍ഡ് കപ്പ് വേദിയില്‍ റംസാന്‍ നോമ്പുതുറക്കായി ഇത്തവണ ദുബായ് പൊലീസിന്റെ പരമ്പരാഗത പീരങ്കി ഉപയോഗിക്കും. കുതിരയോട്ട മത്സരത്തിന്റെ 26ാം പതിപ്പില്‍ അമേരിക്കയുടെ കണ്‍ട്രി ഗ്രാമര്‍ എന്ന കുതിര ആണ് വിജയിച്ചത്.