കുവൈത്തിൽ താമസാനുമതിയുള്ള വീട്ടുജോലിക്കാര്‍ ഡിസംബർ ഏഴ് മുതൽ തിരിച്ചെത്തി തുടങ്ങും. കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലായി 80000 വീട്ടുജോലിക്കാർ തിരിച്ചെത്താനുണ്ടെന്നാണ് താമസകാര്യ വിഭാഗത്തിന്റെ കണക്ക്.
കുവൈത്തിൽ നിന്നും അവധിക്ക് പോയി കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഗാർഹിക വിസക്കാർക്ക് ഡിസംബർ ഏഴ് മുതൽ തിരിച്ചു വരാൻ കഴിയും. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ടിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. 270 ദീനാറാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്ന് ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഇന്ത്യയിൽ നിന്ന് വിമാന ടിക്കറ്റ് നിരക്ക് 110 ദീനാറിൽ കൂടരുതെന്ന് വിമാന കമ്പനികൾക്ക് നിർദേശം നൽകിയതായാണ് വിവരം. ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്ന ദൗത്യം ആരംഭിക്കാനിരിക്കെ വിമാനത്താവളത്തിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് വക്താവ് സഅദ് അൽ ഉതൈബി പറഞ്ഞു.
വീട്ടുജോലിക്കാരെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സ്പോൺസർമാർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. ക്വാറന്‍റീൻ ചെലവ് സ്പോൺസറിൽ നിന്ന് ഈടാക്കും. കോവിഡ് പരിശോധന സർക്കാർ ചെലവിൽ നടത്തും. ക്വാറന്‍റീൻ കാലത്ത് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.