Gulf

അബൂദബിയിൽ സെപ്റ്റംബറിൽ സ്കൂൾ തുറക്കും; വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

പുതിയ അധ്യയനവർഷത്തിൽ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാർഥികളും സ്കൂൾ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാവണം

അബൂദബിയിലെ സ്കൂൾ അധ്യാപകരും വിദ്യാർഥികളും കോവിഡ് ടെസ്റ്റിന് വിധേയരാവണമെന്ന് അബൂദബി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സെപ്റ്റംബറിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടി ആയാണ് പരിശോധന നടത്തേണ്ടി വരിക. അബൂദബി ഡിപ്പാർട്ട്മെന്റ് ഓഫ് എഡൂക്കേഷൻ ആൻഡ് നോളജ് അഥവാ അഡെക്കാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ അധ്യയനവർഷത്തിൽ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാർഥികളും സ്കൂൾ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാവണം. പരിശോധനക്ക് ശേഷം അനുമതി ലഭിക്കുന്നവർക്ക് മാത്രമേ സ്കൂളിലേക്ക് പ്രവേശിക്കാൻ കഴിയൂ. പരിശോധനയുടെ സമയക്രമവും, നടപടികക്രമങ്ങളും പിന്നീട് പ്രഖ്യാപിക്കും. എല്ലാവരും അൽഹുസൻ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. സ്കൂളിലെത്തുന്നവരുടെ സമ്പർക്കം കണ്ടുപിടിക്കാനാണിത്.

സ്കൂളിലെത്തുന്ന എല്ലാവരും അവരുടെ യാത്രവിവിരങ്ങൾ വ്യക്തമാക്കണം. പുതിയ അധ്യയനവർഷത്തിൽ പഠനം ക്ലാസ് മുറികളിലേക്ക് തിരിച്ചുകൊണ്ടവരാൻ അഡക്ക് അനുമതി നൽകിയിട്ടുണ്ട്. പന്ത്രണ്ട് വയസിന് മുകളിലുള്ള വിദ്യാർഥികളെല്ലാം മാസ്ക് ധരിക്കണം. ഉച്ചഭക്ഷണ സമയത്ത് മാത്രമേ ഇത് മാറ്റിവെക്കാവൂ. സാമൂഹിക അകലം സ്കൂളിൽ നിർബന്ധമാണ്. അധ്യാപകനും കുട്ടികൾക്കും മിടയിൽ ഡെസ്ക് ഷീൽഡും നിർദേശിക്കുന്നുണ്ട്