ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
31 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 808 ആയി. ഒറ്റ ദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്ന മരണസംഖ്യ കൂടിയാണ് ഇന്നലത്തേത്. ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി 69,000 പിന്നിട്ടു. പെരുന്നാൾ മുൻനിർത്തി ആളുകൾ പുറത്തിറങ്ങുന്നത് ശക്തമായി തടയാനാണ് ഗൾഫ് തീരുമാനം.
മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയാണ് മുന്നിൽ. ഇന്നലെ മാത്രം 13 മരണം. പുതിയ രോഗികൾ 2642. ഇതോടെ രോഗികളുടെ എണ്ണം 67,000 കവിഞ്ഞു. കുവൈത്തിൽ 9 പേർ മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 138 ആയി. യു.എ.ഇയിൽ നാലും ഒമാനിൽ മൂന്നും ഖത്തറിൽ രണ്ടും രോഗികൾ കൂടി കോവിഡിനു കീഴടങ്ങി. ഖത്തറിൽ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. 1830 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 40,000 കടന്നു.
955 പേർക്ക് കൂടി രോഗം ഉറപ്പിച്ച കുവൈത്തിൽ രോഗികളുടെ എണ്ണം പത്തൊമ്പതിനായിരം കവിഞ്ഞു. 994 കോവിഡ് കേസുകൾ കൂടിയായതോടെ യു.എ.ഇയിൽ രോഗികളുടെ എണ്ണം ഏതാണ്ട് 28,000 ത്തിൽ എത്തി. ഒമാനിൽ 424ഉം ബഹ്റൈനിൽ 164ഉം പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഗൾഫിൽ കോവിഡ് പൂർണമായി സുഖപ്പെടുന്നവരുടെ എണ്ണവും ഗണ്യമായി ഉയർന്നു. ഇന്നലെ മാത്രം നാലായിരത്തിലേറെ പേർക്കാണ് രോഗവിമുക്തി. പെരുന്നാൾ അവധി മുൻനിർത്തി ആളുകൾ പുറത്തിറങ്ങാതിരിക്കാൻ എല്ലാ ഗൾഫ് രാജ്യങ്ങളും നിയന്ത്രണം കടുപ്പിച്ചു. പെരുന്നാൾ നമസ്കാരം നിയമലംഘകർക്ക് കടുത്ത ശിക്ഷ ലഭിക്കും. പെരുന്നാൾ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകളും വിലക്കി.