Entertainment

പൗരത്വ പ്രതിഷേധം: ആഷിക്ക് അബുവിനും കമലിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

സംവിധായകരായ ആഷിക്ക് അബുവിനും കമലിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചുവെന്ന് കാണിച്ചാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിന് ഇറക്കിയെന്നാണ് പരാതിയില്‍ ഉള്ളത്. യുവമോര്‍ച്ച നേതാവാണ് പരാതി നല്‍കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാ, സംസ്‌കാരിക രംഗത്തുള്ളവരുടെ നേതൃത്വത്തില്‍ ‘ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആഷിക്ക് അബു, രാജീവ് രവി, കമല്‍, റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, ഷെയ്ന്‍ നിഗം, രഞ്ജിനി ഹരിദാസ്, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ ഭീഷണിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ രംഗത്തെത്തിയിരുന്നു. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ കണ്ണീരൊഴുക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി. പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്നേഹം കാപട്യമാണെന്നും കുമ്മനം രാജശേഖരനും പ്രതികരിച്ചു.

ചാണകത്തില്‍ ചവിട്ടില്ലെന്നായിരുന്നു ഭീഷണിയോടുള്ള ആഷിക്ക് അബുവിന്‍റെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമ്പോൾ ഉള്ള ഭയമാണ് ബി.ജെ.പി നേതാക്കൾക്കെന്ന് കമല്‍ പ്രതികരിച്ചു. കലാകാരൻമാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഞാഞ്ഞൂലുകൾക്ക് മറുപടി പറയേണ്ടതില്ലെന്നും കമൽ വ്യക്തമാക്കി. മണ്ടന്മാകെ പ്രശസ്തരാക്കുന്ന പരിപാടി നിര്‍ത്താം എന്നായിരുന്നു റിമ കല്ലിങ്കലിന്‍റെ പ്രതികരണം. ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിന ആരെടാ നാറി നീ എന്ന് ചോദിക്കുന്ന ചിത്രവും ഇതോടൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്.