Entertainment

പ്രാണയുടെ അനുഭവത്തെ തിയറ്ററുകള്‍ വികലമാക്കി; റസൂല്‍ പൂക്കുട്ടി

കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായെത്തിയ പുതിയ ചിത്രം പ്രാണ കേരളത്തിലെ തിയറ്ററുകളില്‍ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചിത്രം ഒരു പ്രമുഖ മാളിലെ പി.വി.ആര്‍ മള്‍ട്ടിപ്ലെക്‌സില്‍ കണ്ടപ്പോള്‍ തീരെ നിരാശപ്പെട്ടു. തന്റെ മിക്‌സിങ്ങിന് എന്തെങ്കിലും സംഭവിച്ചതാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് മറ്റ് തിയറ്ററുകളില്‍ കണ്ടു നോക്കി അവിടെ മികച്ച അനുഭവം ലഭിച്ചു. തിരിച്ചു വന്ന് വീണ്ടും മാളിലെ മള്‍ട്ടിപ്ലെക്‌സില്‍ കണ്ടുവെങ്കിലും നിരാശപ്പെടുത്തുന്ന അനുഭവമായിരുന്നു ഫലമെന്നും പൂക്കുട്ടി പറഞ്ഞു.

ഡി സിനിമാസിലും തൃശൂര്‍ രാഗം തിയറ്ററിലും ‘പ്രാണ’ മികച്ച അനുഭവമായിരുന്നു. കാരണം ആ തീയറ്ററുകാരൊക്കെ സിനിമയെ പാഷനേറ്റ് ആയാണ് കാണുന്നത്. ഏറ്റവും മികച്ച ശബ്ദ, ദൃശ്യ ക്രമീകരണങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുക എന്നതാണ് പ്രധാനം. അല്ലാതെ പോപ്കോണും സമൂസയും നല്‍കുന്നതല്ല. അത് കൊടുക്കാതെ മറ്റെല്ലാം കൊടുത്തുകൊണ്ട് സിനിമാനുഭവം നല്‍കുന്ന കാര്യത്തില്‍ മള്‍ട്ടിപ്ലെക്സുകള്‍ പ്രേക്ഷകരെ ചതിക്കുഴിയിലേക്ക് തള്ളിയിടുകയാണ്.

ചില വന്‍കിട മള്‍ട്ടിപ്ലെക്സുകളില്‍ വിവിധ ഭാഷാ സിനിമകള്‍ക്ക് ശബ്ദസംവിധാനത്തിന് ലെവല്‍ കാര്‍ഡുകളുണ്ട്. അത് കോര്‍പറേറ്റുകള്‍ തീരുമാനിച്ച് നടപ്പാക്കുകയാണ്. അതനുസരിച്ച് മലയാളത്തിന്റെ ലെവലല്ല തമിഴിന്, അതല്ല ബോളിവുഡിനോ ഹോളിവുഡിനോ. പഴശ്ശിരാജ റിലീസ് ചെയ്തപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായതെന്നും അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ സാംസ്‌കാരിക മന്ത്രി എം എ ബേബിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രാണയുടെ അനുഭവത്തെ തിയറ്ററുകള്‍ വികലമാക്കി. എന്റെയും ഒപ്പമുള്ള ഒരുപാട് സാങ്കേതിക പ്രവര്‍ത്തകരുടെയും ജോലിയെയാണ് അവര്‍ വികലമാക്കിയിരിക്കുന്നത്. അത്തരം തിയറ്ററുകളില്‍ ടിക്കറ്റുകള്‍ക്ക് വലിയ തുക പ്രേക്ഷകര്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. ഇത്തരം തിയറ്ററുകള്‍ക്ക് നമ്മുടെ സിനിമകള്‍ അയക്കണമോ എന്നാണ് സിനിമയിലെ സഹപ്രവര്‍ത്തകരോട് തനിക്ക് ചോദിക്കാനുള്ളതെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മള്‍ട്ടിപ്ലെക്സുകളിലെ പ്രദര്‍ശന സംവിധാനം പലപ്പോഴും ഇത്തരത്തിലായിരിക്കുമ്പോള്‍ ചെറിയ സിംഗിള്‍ സ്‌ക്രീന്‍ തീയേറ്ററുകള്‍ പലപ്പോഴും ദൃശ്യ, ശബ്ദ സംവിധാനങ്ങളില്‍ ഞെട്ടിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. വി. കെ പ്രകാശ് സംവിധാനം ചെയ്ത പ്രാണ’യുടെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നിത്യാ മേനോനാണ് പ്രാണയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

റസൂല്‍ പൂക്കുട്ടിയിലൂടെ ഓസ്കര്‍ വീണ്ടും കേരളത്തിലെത്തുമോ?

പൂരം ഒപ്പിയെടുക്കാന്‍ റസൂല്‍ പൂക്കുട്ടിയും പടയും തൃശൂരില്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവിനെ കാണാന്‍ റസൂല്‍ പൂക്കുട്ടിയെത്തി