Entertainment

മലയാളികളുടെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

മലയാളികളുടെ സ്വന്തം കെഎസ് ചിത്രയ്ക്ക് ഇന്ന് 57-ാം പിറന്നാൾ. ഇന്ത്യ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായി ചിത്ര മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. അനുകരിക്കാൻ കഴിയാത്ത ആലാപന ശൈലിയുടെ ഉടമ കൂടിയായ കെഎസ് ചിത്ര എന്നു പറഞ്ഞാൻ അതിൽ ഒട്ടും അതിശയോക്തിയില്ലാതെ അംഗീകരിതക്കേണ്ട ഒരു സത്യം കൂടിയാണ്. ആസ്വാദകരെ വൈകാരികതയുടെ വ്യത്യസ്ത തലങ്ങളിലെത്തിക്കാൻ ചിത്രയുടെ ഗാനാലാപന ശൈലിയ്ക്ക് കഴിഞ്ഞു.

ദക്ഷിണേന്ത്യക്കാർക്ക് നൈറ്റിംഗ് ഗേൾ, ഉത്തരേന്ത്യക്കാർക്ക് പിയാ ബസന്തി, കേരളത്തിന്റെ വാനംപാടി, തമിഴ്‌നാട്ടുകാർക്ക് ചിന്നക്കുയിൽ അങ്ങനെ നീളുന്നു വിശേഷണങ്ങൾ.

1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ പുത്രിയായി തിരുവനന്തപുരത്തെ കരമനയിൽ ജനിച്ചു. കെ ഓനമക്കുട്ടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. കുഞ്ഞു നാളിലെ കെജെ യേശുദാസിനൊപ്പം സംഗീത പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി. 1979ൽ എംജി രാധാകൃഷ്ണൻ
സംഗീത സംവിധാനം നിർവഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഒരു വർഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജൻ ചിത്രമായ നവംബറിന്റെ നഷ്ടം സിനിമയിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. ആദ്യ സോളോ ഹിറ്റായി പുറത്തിറങ്ങിയ ഗാനം ‘ഞാൻ ഏകനാണ്’ എന്ന ചിത്രത്തിനു വേണ്ടി സത്യൻ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണൻ സംഗീതമൊരുക്കിയ ‘രജനീ പറയൂ,, എന്നതാണ്.
1983ൽ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ആസ്വാദന ശ്രദ്ധ പിടിച്ചു പറ്റിയതോടെ ചിത്ര എന്ന ഗായികയേ തേടി നിരവധി അവസരങ്ങൾ എത്തി . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 18,000ത്തിലേറെ ഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്.

1986ൽ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിന് ചിത്രയെ തേടി ആദ്യ ദേശീയ പുരസ്‌കാരം എത്തി. 1987 ൽ ‘നഖക്ഷതങ്ങൾ’ ചിത്രത്തിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു. 1989 ൽ വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’ എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. ‘മിൻസാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ൽ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ൽ ഹിന്ദി ചിത്രം’വിരാസത്തി’ലെ ‘പായലേ ചുൻ മുൻ’ എന്ന ഗാനത്തിനായിരുന്നു അഞ്ചാമത്തെ ദേശീയ പുരസ്‌കാരം. 2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു.