Entertainment

കോവിഡ് 19: മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടും, 3 റിലീസുകള്‍ പ്രതിസന്ധിയില്‍

കോവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ അടച്ചിടും. മാര്‍ച്ച് 31 വരെയാണ് തിയേറ്ററുകള്‍ അടച്ചിടുക. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമാ ശാലകള്‍ പ്രദര്‍ശനം ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ടാണ് തിയേറ്ററുകള്‍ അടച്ചിടുക. തിയേറ്ററുകള്‍ പ്രദര്‍ശനം തുടരാത്ത പശ്ചാത്തലത്തില്‍ മൂന്ന് റിലീസുകളാണ് താല്‍ക്കാലികമായി മാറ്റിവെക്കേണ്ടി വരും.

ടോവിനോ തോമസിനെ നായകനാക്കി ജോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന ചിത്രമാണ് കോവിഡ് 19 കാരണം മാറ്റിവെച്ച ആദ്യ ചിത്രം. കൊറോണയെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് കൂട്ടായ്മകളും മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതെന്നും അതുകൊണ്ടാണ് പുതിയ സിനിമ ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ന്റെ റിലീസ് മാറ്റി വെക്കുന്നതെന്നും ടോവിനോ ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണ് ഞങ്ങൾക്ക് ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്‍പ്പിച്ച് ലോകത്തിന് തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും അദ്ദേഹം പറഞ്ഞു’; ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബിയൊരുക്കുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആന്‍റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.