Entertainment

പൗരത്വ നിയമത്തെക്കുറിച്ച് പ്രതികരിക്കാത്തത് അറിവില്ലായ്മ കൊണ്ടെന്ന് നടി തപ്‌സി

ഏത് വിഷയത്തിലും തന്റെ നിലപാട് തന്റേടത്തോടെ വിളിച്ചു പറയുന്ന താരമാണ് നടി തപ്സി പന്നു. പൌരത്വ നിയമത്തില്‍ ബോളിവുഡ് അടക്കമുള്ള മേഖലകളിലെ പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് വന്നപ്പോളും അവിടെയൊന്നും തപ്സിയുടെ അഭിപ്രായം കണ്ടില്ല. എന്നാല്‍ പ്രതികരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം.

പൗരത്വ ഭേദതി നിയമത്തിൽ പ്രതികരിക്കാതിരിക്കുന്നത് വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാത്തതുകൊണ്ടാണെന്ന് തപ്സി പറഞ്ഞു. മോസ്റ്റ് സ്റ്റൈലിസ്റ്റ് 2019 അവാർഡിനായെത്തിയ നടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജാമിയയില്‍ സംഭവിച്ചതിന്റെ വീഡിയോ കണ്ടുവെന്നും അവ നല്ല കാര്യങ്ങളല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം ദുഖകരമാണെന്നും നടി പ്രതികരിച്ചു. “പൗരത്വ നിയമ ഭേദഗതി’യെ കുറിച്ച് ഞാന്‍ എന്റെ നിലപാടുകള്‍ പ്രകടിപ്പിച്ചിട്ടില്ല, കാരണം ഞാന്‍ അതിനെ കുറിച്ച് പഠിച്ചിട്ടില്ല. എന്നാല്‍ ജാമിയയില്‍ സംഭവിച്ചത് നല്ല കാര്യങ്ങളല്ല. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം ദുഖകരമാണ്. എന്തോ വലിയ കാര്യം സംഭവിച്ചിട്ടുണ്ട്, അതിലും വലുത് സംഭവിക്കാനിരിക്കുന്നു എന്നാണ് തോന്നുന്നത്”- തപ്‌സി പറഞ്ഞു.

“സാഹചര്യങ്ങളെക്കുറിച്ച് ഞാന്‍ നന്നായി പഠിച്ചിരുന്നെങ്കില്‍ , തീര്‍ച്ചയായും എന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുമായിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ദിവസവും പുതിയ കാര്യങ്ങളാണ് വായിക്കുന്നത്. ആളുകള്‍ വിവിധ കാഴ്ചപ്പാടുകളാണ് പങ്കുവെയ്ക്കുന്നത്”- നടി പറഞ്ഞു. “ജനങ്ങൾ അറിയുന്ന ആളെന്ന നിലയിൽ ഈ പ്രശ്നത്തെക്കുറിച്ച് എനിക്ക് പൂർണ്ണമായി അറിയാമെങ്കിൽ മാത്രമേ എന്തെങ്കിലും സംസാരിക്കുകയുള്ളൂ. ഒന്നിനെക്കുറിച്ചും അഭിപ്രായം പറയാൻ എനിക്ക് ഭയമില്ല, പക്ഷേ എന്തെങ്കിലും അഭിപ്രായം പറയുന്നതിന് മുമ്പ് അതിനെക്കുറിച്ച് പൂർണ്ണമായ അറിവുണ്ടായിരിക്കണം എന്ന് തോന്നുന്നു”- തപ്‌സി കൂട്ടിച്ചേർത്തു.