അന്തരിച്ച നടന്‍ സത്താറിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. 2017ല്‍ തന്റെ വീട്ടിലെത്തിയ സത്താറിനെക്കുറിച്ചുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവച്ചത്. മികച്ച നടന്‍ മാത്രമല്ല, നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു സത്താറെന്ന് സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
സത്താറിക്കയ്ക്ക് കണ്ണീരുമ്മ! 2017 നവംബറിലെ പോസ്റ്റ് ഒരിക്കൽക്കൂടി ഓർക്കട്ടെ: രണ്ട് മനുഷ്യർ
ഇന്ന്, ഞായറാഴ്ച്ച, അവിചാരിതമായി രണ്ട് അതിഥികൾ എന്റെ ‘ഭൂമി’യിൽ വന്നു.ആദ്യം വന്നത് പഴയ കാലത്തെ നായകനടൻ സത്താർ ആയിരുന്നു. ജയൻ വില്ലനായി അഭിനയിച്ച ശരപഞ്ജരം സിനിമയിൽ നായകൻ ആയിരുന്നയാൾ. ഞങ്ങളുടെ കൗമാരത്തെയെടുത്തമ്മാനമാടിയ ജയഭാരതിയുടെ ഭർത്താവ്! പക്ഷേ ഇപ്പോഴദ്ദേഹത്തെക്കുറിച്ചുള്ള ആദ്യവിശേഷണം ഒരു ഒന്നാന്തരം വായനക്കാരൻ എന്നതാകുന്നതാണ് എന്തുകൊണ്ടും നന്ന്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഏറ്റവും മികച്ച പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുന്ന, അവയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്ന ഈ മധ്യവയസ്കനു മുന്നിൽ ജയനും ജയഭാരതിയുമെല്ലാം നിഷ്പ്രഭരായിത്തീരുന്നത് നാം അറിയും.
ഇത്തവണ കോഴിക്കോട്ട് വന്നപ്പോൾ അദ്ദേഹം തന്റെ സുഹൃത്തിന്റെ കാറിൽ എന്റെ വീട്ടിലേക്കും വരാൻ സന്മനസ്സു കാണിച്ചു. പഴയ കാലത്തിന്റേതായ ആ നന്മയും ഇപ്പോഴും ശോഭ കുറഞ്ഞിട്ടില്ലാത്ത നായകമന്ദഹാസവുമായി അദ്ദേഹം വന്നു. രണ്ടു മണിക്കൂറോളം വീട്ടിലിരുന്ന് ജീവിതത്തേയും സാഹിത്യത്തേയും കുറിച്ച് സംസാരിച്ചു.
ഏറ്റവും പുതിയ എഴുത്തുകാരുടെ ഏറ്റവും പുതിയ കൃതികളെക്കുറിച്ചുപോലും ഒരു സിനിമാതാരം കൃത്യമായ വിലയിരുത്തലോടെ സംസാരിക്കുന്നതുകണ്ട് ഞാൻ വിസ്മയിച്ചിരുന്നു!കോഴിക്കോട്ട് ഇനി കാണാൻ ആഗ്രഹമുള്ള ഒരെഴുത്തുകാരൻ യു. എ ഖാദറാണെന്ന് അദ്ദേഹം പറഞ്ഞു. തൃക്കോട്ടൂർ കഥകളിലൂടെ അദ്ദേഹത്തിന്റെ ഓർമകൾ ഒട്ടും പാളാതെ പാഞ്ഞു. സിനിമാഭിനയത്തിന്റെ ഉത്തരഘട്ടത്തിൽ, എ സർട്ടിഫിക്കറ്റ് പടങ്ങളിൽ പോലും അഭിനയിക്കേണ്ടിവന്ന ആ സത്താർ തന്നെയോ ഇത്? മനസ്സിൽ ആദരം വിളഞ്ഞു.
ഞാൻ വന്ദ്യവയോധികനായ ശ്രീ യു.എ ഖാദറെ ഫോണിൽ വിളിച്ചു. “നടൻ സത്താർ വീട്ടിലുണ്ട്. ഖാദറിക്കയെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നു പറയുന്നു. മൂപ്പരെ ഞാൻ അങ്ങോട്ടു വിടട്ടേ?”, ഞാൻ ചോദിച്ചു.”ഞാനൊരാവശ്യത്തിനു വീട്ടിൽ നിന്നിറങ്ങിയല്ലോ സുഭാഷേ!” , ഖാദറിക്ക പറഞ്ഞു:” ഒരു കാര്യം ചെയ്യാം. ഞാൻ അങ്ങോട്ടു വരാം. സുഭാഷിന്റെ വീട്ടിൽ വന്നിട്ട് കുറച്ചുകാലമായല്ലോ!”
അരമണിക്കൂറിനുള്ളിൽ ഖാദറിക്കയുടെ കാറെത്തി. കാറിൽ നിന്നിറങ്ങാൻ അദ്ദേഹത്തിനു സഹായഹസ്തവുമായി നടൻ മുന്നിൽ നിന്നു. രണ്ടാം ലോകമഹായുദ്ധം മലയാളത്തിനു സമ്മാനിച്ച പുണ്യം.
അയൽരാജ്യമായ ബർമ്മയിലെ വാസത്തിനിടെ മാമൈദി എന്ന ബർമ്മീസ് സുന്ദരിക്ക് കോഴിക്കോട്ടുകാരൻ പ്രവാസിയിലുണ്ടായ മകൻ. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബർമ്മ വിട്ട് പലായനം ചെയ്ത ഉപ്പയ്ക്കൊപ്പം ഏഴാം വയസ്സിൽ നൂറു ദേശങ്ങൾ താണ്ടി കേരളത്തിലേക്കെത്തിയ ഉമ്മയില്ലാപ്പയ്യൻ! രാജ്യങ്ങൾക്ക്, ഭാഷകൾക്ക്, ജാതിമതങ്ങൾക്കൊക്കെ നാം വരയ്ക്കുന്ന അതിർത്തികൾക്ക് മനുഷ്യത്വമെന്ന മഹാപ്രകാശത്തിനുമുന്നിൽ ഒരു പ്രസക്തിയുമില്ലെന്ന് ജന്മം കൊണ്ടുതന്നെ തെളിയിക്കാൻ ഭാഗ്യം കിട്ടിയ ഒരേയൊരു മലയാളി എഴുത്തുകാരൻ!
ആ രണ്ടു മനുഷ്യരും ചേർന്ന് എന്റെ ഞായറാഴ്ചയെ ഉദ്ദീപ്തമാക്കി. സത്താറിക്കയുടെ വെള്ളക്കാറും ഖാദറിക്കയുടെ ചുവന്ന കാറും ‘ഭൂമി’യിൽ നിന്നു മടങ്ങുന്നതും നോക്കി നിൽക്കുമ്പോൾ അത് ഉച്ചമയക്കത്തിൽ കണ്ട സ്വപ്നമല്ല എന്നുറപ്പുവരുത്താൻ ഞാൻ മൊബെയിൽ ഫോൺ എടുത്തു നോക്കി. ഭാഗ്യം, എടുത്ത ഫോട്ടോകൾ ഫോണിൽത്തന്നെയുണ്ട്! കണ്ടതു സ്വപ്നമല്ലെന്നുള്ളതിനു അതു തന്നെ ഏറ്റവും വലിയ തെളിവ്!
വലിയൊരു എഴുത്തുകാരനേയും വലിയൊരു വായനക്കാരനേയും ഒപ്പം അതിഥിയായി കിട്ടിയ വിസ്മയം കണ്ണിൽ അപ്പോഴും അസ്തമിക്കാതെ നിന്ന പ്രിയപ്പെട്ടവളോട് ഞാൻ പറഞ്ഞു: “മനുഷ്യ ജീവിതത്തെ ഇത്രമേൽ മലിനമാക്കിയതിന്റെ കുപ്രസിദ്ധി ഈ മൊബെയിൽഫോണുകൾക്ക് വരുംകാലം ചാർത്തിക്കൊടുക്കുമായിരിക്കാം. പക്ഷേ ഈ ചിത്രങ്ങൾ പകർത്തിയ ധന്യതകൊണ്ട് അവ തങ്ങളുടെ പേരുദോഷത്തിനു പ്രായശ്ചിത്തം ചെയ്തിരിക്കുന്നു!”