Entertainment

കൊച്ചിയിലെ അനാഥ ജീവിതത്തിൽ നിന്ന് ലോകസഞ്ചാരിയായി മാറിയ “പട്ടിക്കുട്ടി”; അറിയാം മലയാളി സെലിബ്രിറ്റി ഡോഗിന്റെ വിശേഷങ്ങൾ…

ആരാരും ഇല്ലാതെ ആർക്കും വേണ്ടാതെ കൊച്ചിയുടെ തെരുവിൽ അനാഥനായ നായക്കുട്ടി. ഇതിലെന്താണിത്ര അത്ഭുതമല്ലേ? അങ്ങനെ ആയിരകണക്കിന് തെരുവുനായകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ആരുമില്ലായിമയിൽ നിന്ന് ലോക ചുറ്റിക്കറങ്ങുന്ന സഞ്ചാരിയായി മാറിയ പട്ടിക്കുട്ടിയുടെ കഥയാണിത്. ഇൻസ്റാഗ്രാമിയിലൂടെയാണ് ഈ കഥ ലോകം അറിയുന്നത്.

2017 ലാണ് “ട്രാവെല്ലിങ് ചപ്പാത്തി” എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത്. സാധാരണ തെരുവ് നായയിൽ നിന്ന് ട്രാവെല്ലിങ് ചപ്പാത്തിയിലേക്കുള്ള ഇവന്റെ വളർച്ച നമുക്ക് ഈ പേജിൽ നിന്ന് തന്നെ മനസിലാക്കാം… ഇന്ന് രാജ്യാന്തര പുരസ്‌കാരപ്പെരുമയുടെ നെറുകയിലാണ്‌ ഈ പട്ടിക്കുട്ടി. ട്രാവെല്ലിങ് ചപ്പാത്തിയുടെ കഥ തുടങ്ങുന്നത് നമ്മുടെ കൊച്ചിയിൽ നിന്നാണ്.

കൊച്ചിയിലെ തെരുവിൽ ഭക്ഷണവും വെള്ളവും കിട്ടാതെ പകുതിജീവൻ മാത്രമുള്ള നായക്കുട്ടിയായിരുന്നു ഇവൻ. ആ സമയത്താണ് ഉക്രയിനിൽ നിന്ന് കൊച്ചി സന്ദർശിക്കാൻ എത്തിയ സഞ്ചാരികൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവനെ കാണുന്നത്. അവിടെ നിന്ന് തുടങ്ങുകയാണ് സഞ്ചാരിയായ “ട്രാവെല്ലിങ് ചപ്പാത്തിയുടെ കഥ”. ഒരു പത്രക്കടലാസിൽ കിടന്നിരുന്ന ഈ പട്ടിക്കുട്ടിയെ ഈ സഞ്ചാരികൾ സ്വന്തമാക്കി. അവനെ അവർ അത്രമേൽ സ്നേഹത്തോടെ പരിപാലിച്ചു. കൊച്ചിയോടുള്ള സ്നേഹസൂചകമായി അവർ അവന് ചപ്പാത്തി എന്ന് പേരിട്ടു. ചപ്പാത്തി എത്തിച്ചേർന്ന സുരക്ഷിതമായ കരങ്ങൾ ട്രാവെല്ലിങ് വ്ലോഗേഴ്‌സായ ക്രിസ്റ്റീന മസലോവയും യൂജിന്‍ പെദ്രോസ് എന്നിവരുടേതായിരുന്നു. അവരുടെ യാത്ര ജീവിതത്തിൽ ചപ്പാത്തിയെയും അവർ കൂടെ കൂട്ടി.

ഇന്ന് അംഗീകാരങ്ങളുടെയും പുരസ്കാരങ്ങളുടെയും നിറവിലാണ് ഇവൻ. സെലിബ്രിറ്റി ഡോഗ് എന്നാണ് സോഷ്യൽ മീഡിയ ഇവനെ വിശേഷിപ്പിക്കുന്നത്. 2017 മുതലുള്ള ചപ്പാത്തിയുടെ വിശേഷങ്ങൾ “ട്രാവെല്ലിങ് ചപ്പാത്തി” എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ അവർ പുറംലോകത്തെ അറിയിച്ചുകൊണ്ടേയിരുന്നു. ഇന്ന് അവൻ ഉക്രയിന്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് റെക്കോഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും സ്വന്തമാക്കിയ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച നായയായി തെരെഞ്ഞെടുത്തിരിക്കുകയാണ്.

ഫോർട്ട് കൊച്ചിയിലെ തെരുവിൽ നിന്ന് ചപ്പാത്തി സഞ്ചരിച്ചത് മുപ്പതോളം രാജ്യങ്ങൾ. പിന്നിട്ടത് 55000 കിലോമീറ്ററുകൾ. സ്വന്തമാക്കിയത് ഇന്ത്യയുടേയും ഉക്രയിനിന്റെയും അംഗീകാരങ്ങൾ. ഇന്ന് അവൻ ലോകത്തിൽ ഏറ്റവും കൂടുതൽ സഞ്ചരിച്ച പട്ടിയെന്ന അംഗീകാരമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനായി കാത്തിരുന്നത് രണ്ട് വർഷമാണെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. മുപ്പത് രാജ്യങ്ങളിൽ പതിനാല് ദ്വീപുകളും പതിനൊന്ന് കടലുകളും ചുറ്റിക്കറങ്ങി. യൂറോപ്പും ഏഷ്യയും തുടങ്ങി നിരവധി രാജ്യങ്ങൾ.

വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി മാധ്യമങ്ങൾ ഈ യാത്രയെ ആഘോഷിച്ചു. തെരുവ് നായയിൽ നിന്ന് സെലിബ്രിറ്റി ഡോഗിലേക്കുള്ള ചപ്പാത്തിയുടെ വളർച്ച ഇന്ന് ജനപ്രീതി നേടുകയാണ്.