വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ നടൻ കൈമാറി. സിനിമ സംഘടനകൾ നടന്റെ വിലക്കുമായി ബന്ധപ്പെട്ട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പുതിയ നീക്കം.
അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമാകും അപേക്ഷയ്ക്കുള്ള നടപടി സ്വീകരിക്കുക. നിർമ്മാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും ഡേറ്റ് നൽകാതെയും പല സിനിമകൾക്ക് ഒരേസമയം ഡേറ്റ് കൊടുത്ത് സിനിമയുടെ മുഴുവൻ ഷെഡ്യൂളിനെയും മാറ്റിമാറിക്കുകയും ചെയ്യുന്ന അവസ്ഥ വരുന്നുവെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ ഒന്നടങ്കം പ്രഖ്യാപിച്ചത്.
നിർമ്മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണം. അല്ലാത്തപക്ഷം താരങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സംഘടനകൾക്കാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ സിനിമാ സംഘടനകള്‍ വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന്‍ നിഗം രംഗത്തെത്തി. തനിക്കെതിരെ നിര്‍മാതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്‌നിന്റെ വാദം.നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ച് നടൻ സംഘനടയ്ക്ക് കത്ത് നൽകി.
ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്‍റെ ഭര്‍ത്താവ് തന്‍റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ‘അമ്മ’യ്ക്കു നൽകിയ കത്തില്‍ പറയുന്നു.താൻ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംഘടന ഇടപെടണമെന്നും ഷെയിൻ കത്തിൽ ആവശ്യപ്പെടുന്നു.
സിനിമയുടെ എഡിറ്റിംഗിൽ ഇടപെട്ടിട്ടില്ല. താൻ ചില പരാതികൾ ഉന്നയിച്ചപ്പോൾ എഡിറ്റിംഗ് കാണാൻ ഇങ്ങോട്ട് ആവശ്യപ്പെട്ടത് നിർമ്മാതാവ് ആണെന്നും ഷെയിന്‍ പറഞ്ഞു. ആര്‍ഡിഎക്സ് സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് കാരണം താനല്ലെന്നും ഷെയിന്‍ പറയുന്നു. ശാരീരിക പ്രശ്നങ്ങള്‍ കാരണം ഒരു ദിവസം സെറ്റിലെത്താന്‍ വൈകിയത് കൊണ്ട് നിർമ്മാതാവിൻ്റെ ഭർത്താവ് പോൾ തൻ്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും നടൻ കത്തിൽ പറയുന്നു.