Entertainment

‘നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു പുതിയ ഉയരങ്ങൾ കീഴടക്കണം’ ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ

ബോളിവുഡ് താരം ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് ദീപിക തന്റെ 37ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ നടിയെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നെന്ന് ഷാരൂഖ് ഖാൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

‘പ്രിയപ്പെട്ട ദീപികയോട് – സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീൻ സ്വന്തമാക്കാൻ നിങ്ങൾ എങ്ങനെ പരിണമിച്ചു! നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു… ജന്മദിനാശംസകൾ… ഒത്തിരി സ്നേഹം.. പത്താൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജനുവരി 25-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു’, എന്നാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പഠാനിലെ ദീപികയുടെ ക്യാരക്ടർ പോസ്റ്ററും നടൻ പുറത്തുവിട്ടിട്ടുണ്ട്.

പഠാനിലെ ആദ്യ ​ഗാനം റിലീസ് ചെയ്തതോടെ ദീപിക ധരിച്ച ബിക്കിനിയുടെ നിറം ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ആയിരുന്നു. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു. 2023 ജനുവരി 25നാണ് പഠാൻ റിലീസിന് എത്തുക.