തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയില്‍ നടന്ന രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ഓസ്കർ ജേതാവും സംവിധായകനും ചലച്ചിത്ര നിർമാതാവുമായ റോൺ ഹോവാർഡാണ് സിനിമ ഒരുക്കുന്നത്. ‘തെർട്ടീൻ ലിവ്സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തവർഷം മാർച്ചിൽ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ആരംഭിക്കും. 96 ലക്ഷം ഡോളറാണ് ചിത്രത്തിന്റെ നിർമാണച്ചെലവ്.
അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ രക്ഷാ പ്രവർത്തനമായിരുന്നു തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ അന്ന് നടന്നത്. 2018 ജൂൺ 23 നു ഗുഹ സന്ദർശിക്കാൻ പോയ ഫുട്ബോൾ ടീമിലെ 12 കുട്ടികളും സഹ പരിശീലകനും കനത്ത മഴയിൽ ഗുഹക്കകത്ത് അകപ്പെടുകയായിരുന്നു. ഗുഹയിലകപ്പെട്ടവരെ 17 ദിവസത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് സുരക്ഷാ സേന ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
ലോകം മുഴുവന്‍ ഭീതിയോടെ ശ്വാസമടക്കിയാണ് അന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ വാര്‍ത്തകള്‍ക്കായി കാത്തിരുന്നത്. ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ അന്നത്തെ രംഗങ്ങളെയെല്ലാം വീണ്ടും ചിത്രീകരിച്ച് കൊണ്ടാകും തെർട്ടീൻ ലിവ്സിനെ അണിയറ പ്രവര്‍ത്തകര്‍ വെള്ളിത്തിരയിലെത്തിക്കുക.