സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ അഭിനയ ജീവിതത്തിന് 45 വയസ്. താരങ്ങളും ആരാധകരും സ്റ്റൈല്‍ മന്നന് ആശംസകള്‍ അറിയിച്ചു. തമിഴര്‍ക്ക് തലൈവര്‍ ഒന്നേയുള്ളൂ. അത് സാക്ഷാല്‍ രജനികാന്ത്! , മലയാളികൾ ഉൾപ്പെടുന്ന ലോകമെങ്ങുമുള്ള ചലച്ചിത്ര ആരാധകരുടെ പ്രിയതാരം.
സിഗരറ്റ് കറക്കി ചുണ്ടില്‍ വച്ച് വലിക്കുന്നതു മുതല്‍ ചുറുചുറുക്കോടെയുള്ള സ്റ്റൈലന്‍ നടത്തം വരെ… രജനികാന്ത് ഒരു ബ്രാന്‍ഡാണ് … കൂലിക്കാരന്, കര്ഷകന്, ഓട്ടോറിക്ഷ ഡ്രൈവര്‍, ഹോട്ടല്‍ വെയ്റ്റര്‍ തുടങ്ങിയ വേഷങ്ങളിലൂടെയാണ് രജനികാന്ത് ജനലക്ഷങ്ങളുടെ തലൈവനായത്. അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാല്‍ ആരെക്കൊണ്ടും അനുകരിക്കാന്‍ കഴിയാത്ത സ്റ്റൈല്‍ കണ്ടു തന്നെയാണ് ആ മനുഷ്യനെ ആരാധകര്‍ സ്റ്റൈല്‍ മന്നന് എന്ന് വിളിച്ചു .
ശിവാജി റാവു രജനീകാന്ത് ആയതു സിനിമയെ വെല്ലുന്ന അനുഭവങ്ങളുമായാണ്. ബസ് കണ്ടക്ടറിൽ നിന്ന് താരസിംഹാസനത്തിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല രജനിക്ക്. അപൂർവരാഗങ്ങൾ മുതൽ പേട്ട വരെയുള്ള മെഗാഹിറ്റുകളിലൂടെയുളള ആ യാത്രയിൽ, തിളക്കവും ആക്ഷനും ഒന്നുമില്ലാത്ത ഒരു രജനീകാന്ത് കൂടിയുണ്ട്. കഷണ്ടി കയറിയ തലയിലെ പാറിപ്പറക്കുന്ന നരച്ച മുടിയുമായി സ്ക്രീനിനു പുറത്തു ആഢംബരം ഒന്നുമില്ലാത്ത പച്ചയായ ഒരു രജനി കാലത്ത്, വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട്, നായകവേഷങ്ങള്‍ പതിവായി. തമിഴ് സിനിമയില്‍ ആദ്യ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളില്‍ രജനി കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കള്‍ക്ക് ഹരമായി.
തൊണ്ണൂറുകളില്‍ മന്നന്, പടയപ്പ, മുത്തു, ബാഷ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. 1995-ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. സ്റ്റൈൽ മന്നന്റെ പുതിയ രാഷ്ട്രീയത്തിലെയും സിനിമയിലെയും പുതിയ അവതാരം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് തമിഴകവും ഇന്ത്യൻ ജനതയും.