ഹാസ്യനടനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ പ്രശാന്ത് അലക്സാണ്ടറും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. മാര്‍ച്ച് 24 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവില്‍ സ്ട്രീം ചെയ്യും. കഴിഞ്ഞ 17നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.
കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതം ക്രൈം കോമഡി ചിത്രമെന്ന നിലയിലാണ് പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്നത്. മാന്‍കൈന്‍ഡ് സിനിമാസ് വേണ്ടി ജോമോന് ജേക്കബ്, ഡിജോ അഗസ്റ്റിന്, ഐന്സ്റ്റീന് മീഡിയക്ക് വേണ്ടി ഐന്സ്റ്റീന് സാക്ക് പോള്‍, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജന്, സജിന്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അജിത് ഹരിദാസിന്റേതാണ് തിരക്കഥ. സുഹൈല്‍ ബക്കര്‍ ആണ് എഡിറ്റിംഗ്.
പ്രശാന്ത് അലക്സാണ്ടര്‍, ദര്‍ശന രാജേന്ദ്രന്, ജഗദീഷ്, ദേവകി രാജേന്ദ്രന്, ജെയിംസ് ഏലിയ, ജിയോ ബേബി, ഐക ദേവ്, മനോജ് കാന സഞ്ജു ശിവറാം തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.
പുരുഷ പ്രേതത്തിലേക്കുള്ള വരവിനെ കുറിച്ച് പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു…
കൃഷാന്ദിന്റെ മൂന്നാമത്തെ ചിത്രമാണിത്. വൃത്താകൃതിയിലുള്ള ചതുരം എന്നാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിന്റെ പേര്. അതിലെ നായകന് രാഹുലും ഞാനും ഒരുമിച്ച് ഇര എന്നൊരു ചിത്രം ചെയ്തിരുന്നു. ഞങ്ങളുടെ ഒരു സുഹൃത്തിന്റെ ഒരു വെബ്സീരിസില് ഞാനഭിനയിച്ചു. 2018ലായിരുന്നു അത്. അവിടെനിന്നാണ് കൃഷാന്ദിനെ പരിചയപ്പെടുന്നതും അദ്ദേഹമെന്നെ വൃത്താകൃതിയിലേക്ക് വിളിക്കുന്നതും. അവിടെ നിന്ന് മുന്നോട്ടുള്ള യാത്രയിലാണ് എന്നെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ചെയ്യണമെന്ന് കൃഷാന്ദ് പറയുന്നത്. അന്നെനിക്ക് അതില്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ചെറിയ ബജറ്റില്‍ വല്ല അവാര്‍ഡ് പടം പോലെയൊക്കെ എന്നെങ്കിലും നടക്കുമായിരിക്കും എന്നൊരു ചിന്തയായിരുന്നു. പിന്നീട് കുറച്ച് മാര്‍ക്കറ്റൊക്കെ ഉള്ള ആളിലേക്ക് ആ കഥ പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. പക്ഷേ കഥ കേട്ടപ്പോള്‍തന്നെ വളരെ ഇഷ്ടമായി. അതിനെല്ലാം ശേഷം കൊവിഡിനും ശേഷമാണ് സാമ്പത്തിക പ്രതിസന്ധികളെയടക്കം അതിജീവിച്ച് ഈ ചിത്രം പൂര്‍ണതയിലേക്കെത്തുന്നത്’.