Entertainment

ദുല്‍ഖറിന്റെ ടീസര്‍ കണ്ടപ്പോള്‍ ആ കാലം ഓര്‍ത്തുപോയി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കണ്ട് പഴയ ഓര്‍മ്മകളിലേക്ക് മടങ്ങി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സ്ഥിരം സംഗീത സംവിധായകനായി കൂടെയുണ്ടായിരുന്ന ഒരാളാണ് ജോൺസൻ മാഷ്. ടീസര്‍ കണ്ട്‌ ജോണ്‍സണ്‍ മാഷ് കൂടെയുണ്ടായിരുന്ന ആ പഴയ നല്ല കാലം ഓര്‍മ്മ വന്നുവെന്ന് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കിലെഴുതുന്നു.

ടീസർ ജോൺസൻ മാസ്റ്റർക്ക് സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പങ്കുവെച്ചത്. കാലമെത്രകഴിഞ്ഞാലും ജോൺസൻ മാസ്റ്റർ നമുക്ക് നൽകിയ മധുര ഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ മനസ്സിൽ നിലനിൽക്കും. ഈ ടീസർ ജോൺസൻ മാസ്റ്റർക്ക് സമർപ്പിക്കുന്നു എന്നായിരുന്നു ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

എന്റെ സിനിമകളുടെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോൺസൺ. അന്നൊക്കെ ഏതു സിനിമയുടെ കമ്പോസിംഗിനു വന്നാലും രണ്ടു പാട്ടുകൾ പാടിക്കേൾക്കണമെന്ന് സ്നേഹപൂർവ്വം ഞാൻ നിർബ്ബന്ധിക്കും.

“ഇയാളെക്കൊണ്ടു തോറ്റു” എന്നു പറഞ്ഞ് ഹാർമ്മോണിയത്തിൽ വിരലോടിച്ച് ആർദ്രമായ ശബ്ദത്തിൽ ജോൺസൺ പാടും..
‘ഗോപികേ നിൻ വിരൽ’
‘അൻരാഗിണീ ഇതാ എൻ..’

എത്ര തവണ കേട്ടാലും കണ്ടാലും മതിയാവാറില്ല.

ആ ജോൺസൺ കാലം പെട്ടെന്നോർത്തുപോയി ദുൽഖർ സൽമാന്റെ പുതിയ സിനിമയുടെ ടീസർ കണ്ടപ്പോൾ.