Entertainment

അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രണയാനുഭൂതിയുടെ കാവ്യകൗതുകം; എം ഡി രാജേന്ദ്രന് ഇന്ന് ജന്മദിനം


മലയാളിയുടെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ഒരായിരം ചിറക് വിരിയിച്ച മനോഹര ഗാനങ്ങളുടെ രചയിതാവ് എം ഡി രാജേന്ദ്രന്റെ ജന്മദിനമാണ് ഇന്ന്. ഹിമശൈല സൈകത ഭൂമിലിന്ന് നീ, നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍, തുടങ്ങി ഒട്ടേറെ കവിത നിറഞ്ഞ പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച കവിയാണ് എം ഡി രാജേന്ദ്രന്‍. 

അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് പ്രണയിനി മാറുന്ന അവസ്ഥ കാവ്യകൗതുകത്തോടെ അവതരിപ്പിച്ചതോടെയാണ് എം ഡി രാജേന്ദ്രന്‍ മലയാളികളുടെ ഹൃദയത്തില്‍ അടയാളപ്പെടുന്നത്. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം മലയാളത്തിലെ ക്‌ളാസിക്കുകളായി മാറിയത് എംബി ശ്രീനിവാസന്റെ സംഗീതത്തിനൊപ്പം, എം ഡി രാജേന്ദ്രന്‍ എന്ന പാട്ടെഴുത്തുകാരന്റെ ജനപ്രിയ രചനാ വൈഭവം കൂടിച്ചേര്‍ന്നതോടെയാണ്.

പാട്ടെഴുത്ത് തുടങ്ങി നാല് പതിറ്റാണ്ട് പിന്നിട്ട എം ഡി രാജേന്ദ്രന്‍, തോപ്പില്‍ഭാസിയുടെ മോചനം എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യ ഗാനം സൃഷ്ടിക്കുന്നത്. ആദ്യഗാനം തന്നെ രാജേന്ദ്രനെ സിനിമാ ലോകത്ത് ശ്രദ്ധേയനാക്കി. പിന്നീട്, എംഡി രാജേന്ദ്രന്റെ വരികള്‍ക്ക് ജി ദേവരാജന്‍ ഈണം പകര്‍ന്ന് യേശുദാസ് പാടി പുറത്തിറങ്ങിയ പാട്ടുകളെല്ലാം ശ്രദ്ധേയമായി.

തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ കവി പൊന്‍കുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മക്കളായ എംഡി രാജേന്ദ്രനും എംഡി രത്‌നമ്മക്കും കവിത ജന്‍മസിദ്ധമായിരുന്നു. ചെറുപ്പംമുതല്‍ കവിതയെഴുത്ത് തുടങ്ങിയ എം ഡി രാജേന്ദ്രന്‍ ചലച്ചിത്ര ലോകം പശ്ചാത്തലമാക്കി ഫിലിം ഡയറി എന്നൊരു നീണ്ട കാവ്യം എഴുതി. കാമ്പിശ്ശേരി കരുണാകരന്റെ കീഴില്‍ പുറത്തിറങ്ങിയിരുന്ന സിനിമാ വാരികയില്‍ ഈ കാവ്യം പ്രസിദ്ധീകരിച്ചു. ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം അമ്മനിലാവ് ആണ്. അടയാളവാക്യം, നന്ദി വീണ്ടും വരിക, സിന്ധുവിന്റെ നക്ഷത്രങ്ങള്‍, സതി എന്റെ സ്വാര്‍ത്ഥത എന്നിവയാണ് നോവലുകള്‍. പ്രോഗ്രാം അനൗണ്‍സറായി തിരുവനന്തപുരം ആകാശവാണി നിലയത്തിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള സംഗീത നാടക അക്കാദമി അംഗവുമായിരുന്നു.