തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് പാര്‍വ്വതി തിരുവോത്ത് നായികയായ ഉയരെ. ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും പല്ലവി എന്ന കഥാപാത്രത്തെ മറക്കാനാവില്ല . പാര്‍വ്വതി അത്ര ഭംഗിയായിട്ടാണ് പല്ലവിയായി പകര്‍ന്നാടിയത്. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെയില്‍ മേക്കപ്പും ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. പല്ലവിക്കൊപ്പം ചിത്രത്തിലെ മേക്കപ്പും സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു.
പല്ലവിയുടെ മേക്കപ്പിന് പിന്നില്‍ സുബി ജോഹലും രാജീവ് സുബ്ബയുമാണ് . യാഥാര്‍ത്ഥ്യമെന്ന് തോന്നും വിധം ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ മുഖം അവതരിപ്പിക്കാന്‍ ഈ ആര്‍ടിസ്റ്റുകള്‍ക്ക് കഴിഞ്ഞു. ആസിഡ് വീണ പല്ലവിയുടെ മുഖം കണ്ട് പ്രേക്ഷകര്‍ അറിയാതെ കണ്ണടച്ചു പോകും. 33 ഓളം ബോളിവുഡ് മേക്കപ്പ് ആര്‍ടിസ്റ്റുകളായി പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് സുബി ജോഹലും രാജീവ് സുബ്ബയും. മലയാളത്തിലെ ഇരുവരുടെയും ആദ്യ ചിത്രമാണ് ഉയരെ.
അഹമ്മദാബാദ് നാഷണല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ നിന്നും സെറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈനില്‍ ബുരുദാനന്തര ബിരുദം ഇരുവരും കരസ്ഥമാക്കിയിട്ടുണ്ട്. ബാംഗ്ലൂരിലെ ഡേര്‍ട്ടി ഹാന്‍ഡഡ് സ്റ്റുഡിയോയുടെ ഉടമകളാണ് ഇവര്‍. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ബോബി സഞ്ജയ് ആണ് ഉയരെയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി.വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേം പ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.