പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമാകെ പടരുമ്പോള്‍ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവര്‍ തെരുവിലിറങ്ങുകയാണ്. അവരില്‍ സിനിമാ താരങ്ങളുമുണ്ട്. പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഒതുക്കാതെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരില്‍ മലയാളി താരം പാര്‍വതിയും തമിഴ് നടന്‍ സിദ്ധാര്‍ത്ഥുമുണ്ട്.
മുംബൈയിൽ നടന്ന പ്രക്ഷോഭത്തിലാണ് പാർവതി സമരക്കാരിലൊരാളായി പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമയില്‍ നിന്ന് ആദ്യം പ്രതികരിച്ചതും പാര്‍വതിയായിരുന്നു. ‘നട്ടെല്ലിലൂടെ ഭയം അരിച്ചുകയറുന്നു. ഇത് സംഭവിക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കാൻ പാടില്ല’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. പിന്നാലെ ടൊവിനോ തോമസ്, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, രജിഷ വിജയന്‍, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, ലിജോ ജോസ് പെല്ലിശ്ശേരി, ഷെയിന്‍ നിഗം തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.
പൗരത്വ നിയമ ഭേദഗതിയെ തുടക്കം മുതല്‍ എതിര്‍ത്തവരില്‍ ഒരാളാണ് തമിഴിലെ നടന്‍ സിദ്ധാര്‍ഥ്. ഇന്നലെ ചെന്നൈയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹവുമെത്തി. എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് പൗരത്വ ഭേദഗതി നിയമം. ഇന്നിത് മുസ്‍ലിംകള്‍ക്ക് എതിരാണെങ്കില്‍ നാളെയത് ആര്‍ക്കെതിരെയുമാവാമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത് സിദ്ധാര്‍ഥ് പറഞ്ഞു.
ബോളിവുഡിലും നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സംവിധായകന്‍ അനുരാഗ് കശ്യപ് തുടക്കം മുതല്‍ അതിശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അധികാരത്തില്‍ പറ്റിപ്പിടിച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഭയപ്പെടുത്തുന്ന, അഹംഭാവമുള്ള സര്‍ക്കാരാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു. പരിനിതി ചോപ്ര, പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയ താരങ്ങളും പൌരത്വ നിയമ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി