Entertainment

ഐഎഫ്എഫ്‌കെയില്‍ ഇന്ന് ‘നന്‍പകല്‍ നേരത്ത് മയക്കം’; 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്

27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ വേള്‍ഡ് പ്രീമിയര്‍ പ്രദര്‍ശനം ഇന്ന്. മത്സര വിഭാഗത്തിലെ 9 ചിത്രങ്ങളടക്കം67 ചിത്രങ്ങള്‍ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം’നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഇന്ന്. ഉച്ചതിരിഞ്ഞ് 3.30ക്ക് ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശനം.ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, മണിപ്പൂരി ചിത്രം ഔര്‍ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാന്‍ഡ് തുടങ്ങിയവയാണ് ഇന്നത്തെ മത്സര ചിത്രങ്ങള്‍.

അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഇന്നുണ്ടാകും. മിഡ്നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 വും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിന്‍ ആല്‍ഫെര്‍ ചിത്രം ബര്‍ണിങ് ഡേയ്‌സ്, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ, എ ലവ് പാക്കേജ്, ബ്ലൂ കഫ്താന്‍, നൈറ്റ് സൈറണ്‍ ,ഡിയര്‍ സത്യജിത് തുടങ്ങി 24 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ഇരുള ഭാഷയില്‍ പ്രിയനന്ദന്‍ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, രാരിഷ്.ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങള്‍ മലയാളം വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ജി .അരവിന്ദന്‍ ചിത്രം തമ്പിന്റെ നവീകരിച്ച പതിപ്പ് 4G തെളിമയോടെ ഇന്ന് പ്രദര്‍ശിപ്പിക്കും.

അര്‍ധരാത്രിയില്‍ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാന്‍ മിഡ്നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ പ്രദര്‍ശിപ്പിക്കും. 2017 ല്‍ പുറത്തിറങ്ങിയ സാത്താന്‍സ് സ്ലേവ്‌സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്‌സില്‍ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യന്‍ ചിത്രമാണ്. ഹൊറര്‍ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അന്‍വറാണ് ചിത്രത്തിന്റെ സംവിധായകന്‍. നിശാഗന്ധിയില്‍ രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം.