Entertainment Mollywood Movies

ഓർമകളിൽ മോനിഷ; മലയാളികളുടെ പ്രിയ നായിക വിടവാങ്ങിയിട്ട് 31 വർഷം

മലയാളികളുടെ പ്രിയനടി മോനിഷയുടെ മുപ്പത്തിയൊന്നാം ഓർമദിനമാണ് ഇന്ന്. ആറുവർഷം മാത്രം നീണ്ട അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോനിഷ യാത്രയായത്.

ശാലീനത തുളുമ്പുന്ന മുഖവുമായി മോനിഷ ജീവനേകിയ കഥാപാത്രങ്ങൾ മലയാളിയുടെ സൗന്ദര്യസങ്കൽപ്പങ്ങളിൽ ചിരിതൂകി നിൽക്കുന്നു. പ്രണയവും പരിഭവവും കൗതുകവുമെല്ലാം നിറഞ്ഞ വലിയ കണ്ണുകളിലൂടെ മലയാളി പ്രേക്ഷകർ ആസ്വദിച്ചു.

ആലപ്പുഴയാണ് സ്വദേശം. പഠിച്ചതും വളർന്നതും ബെംഗളൂരുവിൽ. എംടി വാസുദേവൻ നായരിലൂടെയാണ് സിനിമയിലെത്തുന്നത്. നഖക്ഷതങ്ങളായിരുന്നു ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് 15-ാം വയസിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷ നേടി. പെരുന്തച്ചൻ, കടവ്, കമലദളം, ചമ്പക്കുളം തച്ചൻ, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് മോനിഷ കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ, ‘പൂക്കൾ വിടും ഇതൾ’ , ‘ദ്രാവിഡൻ’ തുടങ്ങിയ തമിഴ് സിനിമകളിലും രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ‘ചിരംജീവി സുധാകർ’ എന്ന കന്നട സിനിമയിലും അഭിനയിച്ചു.‘ചെപ്പടിവിദ്യ’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് മോനിഷ എറണാകുളത്തേക്ക് അംബാസിഡർ കാറിൽ അമ്മയ്‌ക്കൊപ്പം യാത്ര പോയത്. മോനിഷ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് ഒരു ബസ് ഇവർ സഞ്ചരിച്ച കാറിലിടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ അമ്മ ശ്രീദേവി ഉണ്ണി ഡോറ് തുറന്ന് പുറത്തേക്ക് തെറിച്ചുപോയി. പരുക്കുകളോടെ ശ്രീദേവി ഉണ്ണി രക്ഷപ്പെട്ടു. ബാക്കി കാറിലുണ്ടായിരുന്ന മോനിഷയടക്കമുള്ള മൂന്ന് പേരും മരണപ്പെട്ടു.