Entertainment Movies

30 രാജ്യങ്ങളിൽ ആദ്യ പത്തിൽ; ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്; നെറ്റ്ഫ്ലിക്സ് ‘കയ്യേറി’ മിന്നൽ മുരളി

ടിവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി ജൈത്രയാത്ര തുടരുന്നു. 30 രാജ്യങ്ങളിൽ മിന്നൽ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള കഴിഞ്ഞ ആഴ്ചയിൽ, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതാണ് സിനിമ. ഇന്ത്യയിൽ ഇപ്പോഴും മിന്നൽ മുരളി ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. (minnal murali netflix top)

അർജൻ്റീന, ബഹാമസ്, ബൊളീവിയ, ബ്രസീൽ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഇക്വഡോർ, എൽ സാൽവദോർ, ഹോണ്ടുറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഉറുഗ്വെ, മൗറീഷ്യസ്, നൈജീരിയ, ബഹ്റൈൻ, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാൽദീവ്സ്, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലാണ് മിന്നൽ മുരളി ആദ്യ പത്തിലുള്ളത്. ആഗോള ചലച്ചിത്ര മാർക്കറ്റിലെ സുപ്രധാന ഇടമായി കണക്കാക്കപ്പെടുന്ന ബ്രസീലിൽ ചിത്രം ട്രെൻഡിംഗ് ആയത് ഏറെ ശ്രദ്ധേയമാണ്. മലയാള സിനിമകളുടെ ആഗോള മാർക്കറ്റിലും ഇത് നിർണായക സ്വാധീനമാവും. കഴിഞ്ഞ ആഴ്ചയിൽ മാത്രം 11.44 മില്ല്യൺ മണിക്കൂറുകളാണ് മിന്നൽ മുരളി സ്ട്രീം ചെയ്യപ്പെട്ടത്. ഒരാഴ്ചയിൽ ഏറ്റവും കൂടുതൽ സമയം സ്ട്രീം ചെയ്യപ്പെടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് ഇതോടെ ഈ മലയാള സിനിമ സ്വന്തമാക്കിയിരുന്നു. ഹസീൻ ദിൽറുബ (10.21 മില്ല്യൺ മണിക്കൂറുകൾ), മിമി (9.21 മില്ല്യൺ മണിക്കൂറുകൾ) എന്നീ ബോളിവുഡ് സിനിമകളെയാണ് മിന്നൽ മുരളി പിന്തള്ളിയത്.

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വി എഫ് എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.