Entertainment

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ നായികയായി മ‍ഞ്ജു വാര്യര്‍

ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ സ്വപ്ന ജോഡികള്‍ ഒന്നിക്കുന്നു. മമ്മൂട്ടിയുടെ നായികയാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍. മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രം ഒരുക്കുന്നത് നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. മഞ്ജു തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്‍മാരുടെ അഭിനയിച്ചിട്ടുള്ള മഞ്ജു മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടില്ല. രണ്ടാം വരവില്‍ മോഹന്‍ലാലിന്റെ നായികയായെങ്കിലും മമ്മൂട്ടിയുടെ നായികയായി എന്ന് മഞ്ജുവെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. മഞ്ജുവും മമ്മൂട്ടിയുടെ നായികയാവുക തന്റെ സ്വപ്നമാണെന്ന് പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിക്കുന്ന ചിത്രം ഒരു സൂപ്പര്‍ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.