Entertainment

എത്ര കണ്ടാലും കണ്ടുതീരാത്ത മലയാളത്തിന്‍റെ നടന വിസ്മയം; മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍

മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ മമ്മൂട്ടി വിസ്മയമാണ്. പലതവണയാണ് അദ്ദേഹം നമ്മളെ ഞെട്ടിച്ചത്. ആദ്യം സൌന്ദര്യം കൊണ്ട്, പിന്നെ അഭിനയം കൊണ്ട്, ചിലപ്പോള്‍ ശബ്ദം കൊണ്ട്, മറ്റ് ചിലപ്പോള്‍ വേഷപ്പകര്‍ച്ച കൊണ്ട്

മലയാളത്തിന്‍റെ അഭിമാനവും അഹങ്കാരവും സമന്വയിക്കുന്ന ഒരേയൊരു പേര്. കഴിഞ്ഞ 40 വര്‍ഷമായി മലയാള സിനിമയുടെ യൌവനം.. മമ്മൂട്ടിക്ക് ഇന്ന് അറുപത്തിയൊന്‍പതാം പിറന്നാള്‍.

മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ മമ്മൂട്ടി വിസ്മയമാണ്. പലതവണയാണ് അദ്ദേഹം നമ്മളെ ഞെട്ടിച്ചത്. ആദ്യം സൌന്ദര്യം കൊണ്ട്, പിന്നെ അഭിനയം കൊണ്ട്, ചിലപ്പോള്‍ ശബ്ദം കൊണ്ട്, മറ്റ് ചിലപ്പോള്‍ വേഷപ്പകര്‍ച്ച കൊണ്ട്. ഒരു കൊച്ചു വേഷത്തിലൂടെ വെള്ളിത്തിരയിലെത്തി മലയാള സിനിമയുടെ പര്യായമായി മാറിയ മമ്മൂട്ടി കഴിഞ്ഞ നാല്‍പതാണ്ടും ജീവിച്ചത് വെള്ളിത്തിരയിലാണ്. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ തുടങ്ങി ന്യൂഡല്‍ഹിയിലൂടെ ഹിറ്റുകളുടെ സഹയാത്രികനായി.

വെള്ളിത്തിരയിലെ ഭാഗ്യമായി ആ നക്ഷത്രം ഉദിച്ചുയര്‍ന്നു. പിന്നീടിങ്ങോട് എത്രയെത്ര ചിത്രങ്ങള്‍. ഇന്‍പെക്ടറും ലക്ചററും കലക്ടറും എഴുത്തുകാരനും മറ്റുമായി ആ പകര്‍ന്നാട്ടം വെള്ളിത്തിരയില്‍ നിന്ന് ജനഹൃദയങ്ങളിലേക്ക് ചേക്കേറി. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സും വാറുണ്ണിയും അച്ചൂട്ടിയും ഭാസ്കരപ്പട്ടേലും സേതുരാമയ്യരുമെല്ലാം മത്സരിച്ചത് മമ്മൂട്ടി എന്ന നടനോടായിരുന്നു..

മണ്ണിന്‍റെ മണമുള്ള നാടന്‍ വേഷങ്ങളില്‍ മമ്മൂട്ടി ജീവിക്കുകയായിരുന്നു. വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരും രാപ്പകലിലെ കൃഷ്ണനും വല്ല്യേട്ടനായ അറക്കല്‍ മാധവനുണ്ണിയുമെല്ലാം ഓരോ മലയാളിയുടേയും ഹൃദയത്തിലാണ് ഇടം പിടിച്ചത്. നെഞ്ചില്‍ നെരിപ്പോടു കൂട്ടിയ ബാലന്‍ മാഷ്. കൈവിട്ടുപോവുന്ന മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ പെടുന്ന പാടുകള്‍ ഈറന്‍ മിഴികളോടെയല്ലാതെ ഓര്‍ത്തിരിക്കാനാവില്ല നമുക്ക്… താന്‍ സ്നേഹിച്ച പെണ്‍കുട്ടിക്കും തന്നെ സ്നേഹിച്ച പെണ്‍കുട്ടിക്കും ഇടയില്‍ വീര്‍പ്പുമുട്ടുന്ന നന്ദഗോപാലനും സ്വന്തം മകളെ അന്യനെപ്പോലെ കാണേണ്ടി വന്ന ചന്ദ്രദാസുമെല്ലാം മലയാളികളുടെ ഇടനെഞ്ചിലെ നോവാണ്… മകള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച പേരന്‍പനിലെ അമുദവനെ കണ്ണ് നിറയാതെ എങ്ങനെയാണ് നാം ഓര്‍ത്തെടുക്കുക..

സൂര്യമാനസത്തിലും വിധേയനിലും പൊന്തല്‍മാടയിലും കണ്ടത് വേറൊരു മമ്മൂട്ടിയെ. മലയാളത്തിന് പുറമേ തമിഴിലും തെലുഗിലുമെല്ലാം ആ അസാമാന്യ നടനെ നാം നേരിട്ടറിഞ്ഞു. ഇതുപോലൊരു മകനുണ്ടെങ്കില്‍ എന്ന് കൊതിപ്പിച്ച. ഇതുപോലൊരു ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍ എന്നാശിപ്പിച്ച ഇതുപൊലൊരു ആങ്ങളയെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച എത്രയെത്ര ചിത്രങ്ങള്‍. ആണഴകിനെ വര്‍ണിച്ച് മലയാളിത്തില്‍ വന്ന ഒരേയൊരു ഗാനം. അതിലെ വര്‍ണനകളെല്ലാം ചേര്‍ന്ന് നില്‍ക്കുന്നത് മമ്മൂട്ടിയോടും. പ്രായമേറുന്നതിനൊപ്പം സൌന്ദര്യവും കൂടുന്ന മലയാളത്തിന്‍റെ വിസ്മയത്തിന് മീഡിയവണിന്‍റെ പിറന്നാള്‍ ആശംസകള്‍.