ഉള്ളുതൊട്ട പകര്‍ന്നാട്ടങ്ങള്‍. പതിറ്റാണ്ടുകള്‍ പോയിമറയുന്നു. മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്ലായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്.
മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ എത്ര എത്ര മമ്മൂട്ടിക്കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില്‍ ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കന്‍ പാട്ടുകഥകളിലെ ജീവിതവും കണ്ണീരും ചിരിയും പകയുമെല്ലാം മലയാളി കേട്ടതത്രയും ചതിയന്‍ ചന്തുവിന്റെ ശബ്ദഭാവത്തില്‍.
1921ലെ ഖാദറിന്റെ ക്ഷോഭ വിക്ഷോഭങ്ങളില്‍ തെളിഞ്ഞുകത്തിയത്രയും വഴക്കമുള്ള ഏറനാടന്‍ മൊഴികള്‍. കോഴിക്കോടിന്റെ വടക്കനുള്‍നാട് പറഞ്ഞുപരിചയിച്ച ഭാഷയെ അഹമ്മദ് ഹാജിയുടെ നെറികേടുകളുടെ തനിശബ്ദമാക്കി. അച്ചൂട്ടിയാകുമ്പോള്‍ തനിമുക്കുവന്‍. കന്നഡികന്റെ മലയാളം എങ്ങനെയെന്ന് ചട്ടമ്പിനാട്ടില്‍ കണ്ടു. തൃശൂര്‍ ഭാഷ അതിന്റെ സര്‍വ്വ ഓജസ്സോടെ അവതരിച്ച പ്രാഞ്ചിയേട്ടന്‍.
കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കും. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചത്. ആ പരിശ്രമങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത മികവിലേക്ക് മമ്മൂട്ടിയെ വളര്‍ത്തിയത്. ഏതു പരീക്ഷണത്തിനും തുടക്കക്കാരന്റെ കൗതുകത്തോടെ മമ്മൂട്ടി ഇന്നും കാത്തിരിപ്പാണ്.