Entertainment

സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു

സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസിനെ ഇന്നലെ രാത്രിയിലാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൊച്ചിയിൽ എത്തിച്ചത്. ഖബറടക്കം പൊന്നാനിയിൽ നടക്കും.

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ വെൻറിലേറ്ററില്‍ ആയിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് വിദഗ്ധചികിത്സയ്ക്കായി കൊച്ചിയിൽ എത്തിച്ചത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം അന്ത്യം സംഭവിച്ചു. കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലൻസിൽ വച്ച് ച്ച മറ്റൊരു ഹൃദയാഘാതം കൂടെ ഉണ്ടായെന്നാന് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. മലപ്പുറം പൊന്നാനി നരണിപ്പുഴയാണ് ഷാനവാസിനെ സ്വദേശം. സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിനു പുറമേ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്.

2015 -ൽ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും വിവിധ പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. മലയാളത്തിലെ ആദ്യ ഒടിടി റിലീസായ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തും ഷാനവാസ് തന്നെ. മൂന്നാമത്തെ സിനിമയുമായി ബന്ധപ്പെട്ട ജോലികൾ അട്ടപ്പാടിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടാകുന്നതും കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു.