Entertainment

രാഷ്ട്രീയ നിലപാട് പറഞ്ഞതിന് സോഷ്യല്‍ മീഡിയ മധുപാലിനെ ‘കൊന്നു’

നടനും സംവിധായകനുമായ മധുപാൽ മരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാര്‍ത്ത. മധുപാലിന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ നേർന്നുകൊണ്ടാണ് പ്രചാരണം. ബി.ജെ.പി അധികാരത്തിലെത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായും വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് മധുപാൽ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ചത്. “ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന
ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം”എന്നിങ്ങനെയായിരുന്നു മധുപാലിന്റെ വാക്കുകൾ.

എന്നാൽ ഇതിനെയെല്ലാം വളച്ചൊടിച്ചാണ് വ്യാജപ്രചാരണം. ഇതിനെതിരെ മധുപാല്‍ പ്രതികരിച്ചിരുന്നു. ‘ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്, ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തെരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്”- മധുപാൽ പറഞ്ഞു. ഇതിനു തൊട്ടുപിറകെയാണ് അദ്ദേഹം മരിച്ചു എന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്.