Entertainment

കങ്കണ റണൗട്ടിന്‌ ‘വൈ’ കാറ്റഗറി സുരക്ഷ

മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. ഇതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു..

ബോളിവുഡ് അഭിനേത്രി കങ്കണ റണൗട്ടിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. ഇതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്നായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം. എന്നാല്‍ മുംബൈയിലേക്ക് എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടെയെന്നും കങ്കണ വെല്ലുവിളിച്ചു. ഈ പോരിനിടയിലാണ് കങ്കണ ഈ മാസം 9ന് മുംബൈയിലെത്തുന്നത്. പിന്നാലെയാണ് വൈ കാറ്റഗറി സുരക്ഷയും.

അതേസമയം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നന്ദി അറിയിച്ച് കങ്കണ രംഗത്തെത്തി. ദേശീയവാദ ശബ്ദങ്ങളെ അടിച്ചമർത്താൻ ഒരു ഫാസിസ്റ്റ് ശക്തികൾക്കും കഴിയില്ലെന്നതിന്റെ തെളിവാണിതെന്ന് കങ്കണ ട്വീറ്റ് ചെയ്യുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പിന്നീട് മുംബൈ സന്ദര്‍ശിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്ന അമിത് ഷായോട് ഞാന്‍ നന്ദിയുള്ളവളാണ്, ഇന്ത്യയുടെ മകളുടെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു, നമ്മുടെ ആത്മാഭിമാനത്തെ ബഹുമാനിക്കുന്നു, ജയ് ഹിന്ദ്.. കങ്കണ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് എന്നും ഓരോ വിവാദ പ്രസ്താവനകളുമായി കങ്കണ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബോളിവുഡിലെ താരപുത്രന്മാരെയും അവരുടെ ഇടപെടലിനേയുമൊക്കെ ബന്ധപ്പെടുത്തിയായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവനകള്‍. അതേസമയം കങ്കണക്ക് മുംബൈയില്‍ സുരക്ഷ നല്‍കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണെന്നും അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.