Entertainment

അട്ടപ്പാടിയും കടന്ന് അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്

ജോണ്‍ എബ്രഹാമിന്‍റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുന്നു. ബോളിവുഡ് താരവും പാതി മലയാളിയുമായ ജോണ്‍ എബ്രഹാമിന്‍റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജോണ്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ആക്ഷനും ആവേശകരമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ അയ്യപ്പനും കോശിയും ഒരു നല്ല ചിത്രമാണെന്ന് ജോണ്‍ ട്വിറ്ററില്‍ കുറിച്ചു. ഒറിജിനലിന്‍റെ തനി ചോരാതെ ഹിന്ദിയിലൂടെ മികച്ച അനുഭവം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോണ്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉടന്‍ തന്നെ ചിത്രവുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കളുടെ കാര്യത്തെക്കുറിച്ച് തീരുമാനമായിട്ടില്ല.

അയ്യപ്പനും കോശിയും തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. നിര്‍മ്മാതാവ് കതിരേശനാണ് തമിഴ് റീമേക്ക് അവകാശം വാങ്ങിയത്. ആടുകളം, ജിഗര്‍ദണ്ട തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവാണ് കതിരേശന്‍.ശശികുമാറാണ് ബിജു മേനോന്‍ അവതരിപ്പിച്ച റോളിലെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ലോക്ഡൌണിന് ശേഷം ഉണ്ടാകും.

ചിത്രത്തിന്‍റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടെയിൻമെന്റ്സാണ്. റാണ ദഗുബട്ടിയാണ് കോശിയായി എത്തുക. നന്ദമൂരി ബാലകൃഷ്ണയായിരിക്കും അയ്യപ്പന്‍ നായരുടെ റോളിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് സച്ചിയാണ്. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരും ഹവില്‍ദാറായിരുന്ന കോശി കുര്യനും തമ്മിലുള്ള ഈഗോ ക്ലാഷിന്‍റെ കഥയാണ് ചിത്രം പറഞ്ഞത്.