മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. 2012ലെ വാഹനാപകടത്തെ തുടർന്ന് അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞ ജഗതി എത്രയും പെട്ടെന്ന് ചലച്ചിത്ര രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്‍മയ നടൻ. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ജഗതി ശ്രീകുമാറിന്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്‍മയിപ്പിച്ച അമ്പിളിച്ചേട്ടന്‍റെ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾ ഒരിക്കലും മറക്കാനിടയില്ല.
നാടകത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ജഗതി വെള്ളിത്തിരയിലെത്തുന്നത് അടൂർ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ്. പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത കലാകാരനായി ജഗതി മാറി. ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം ഇതിനോടകം വേഷമിട്ടത് 1500 ലേറെ ചിത്രങ്ങളിൽ.
ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജഗതിക്ക് അധിക നാളൊന്നും വേണ്ടി വന്നില്ല മലയാള ചലച്ചിത്ര ലോകം അടക്കി വാഴാൻ. കാലങ്ങളായി മലയാള ഹാസ്യത്തിന്‍റെ മറുവാക്കായി തുടരുന്ന ഈ അമ്പിളിക്കല അരശുംമൂട്ടിൽ അപ്പുക്കുട്ടനായും കൃഷ്‍ണവിലാസം ഭഗീരഥൻ പിള്ളയായും കുമ്പിടിയായും ഫോട്ടോഗ്രാഫർ നിശ്ചൽ ആയും പാച്ചാളം ഭാസിയായും സർദാർ കൃഷ്ണൻ കുറുപ്പായും കെ ആൻഡ് കെ ഓട്ടോമൊബൈൽസ് പ്രൊപ്പ്രൈറ്റർ മനോഹരനായുമെല്ലാം വെള്ളിത്തിരയെ ആവേശത്തിലാക്കി.
ഹാസ്യനടൻമാരുടെ ശ്രേണിയിലാണ് ജഗതിയുടെ സ്ഥാനമെങ്കിലും ക്യാരക്ടർ റോളുകളും തനിക്ക് നിഷ്‍പ്രയാസം വഴങ്ങുമെന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചു. പത്മരാജന്‍റെ മൂന്നാംപക്കം, അടൂർ ഗോപാലകൃഷ്ണന്‍റെ നിഴൽക്കുത്ത്, കെ. മധുവിന്‍റെ അടിക്കുറിപ്പ്, എം.പി സുകുമാരൻ നായരുടെ രാമാനം എന്നിവ ഇതിന് ഉദാഹരണം. നിഴൽക്കൂത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് വരെ ജഗതി ശ്രീകുമാറിന് ലഭിച്ചു. വില്ലനായും ജഗതി പ്രേക്ഷകർക്ക് മുന്നിലെത്തി. അങ്ങനെ അഭ്രപാളിയെ ഹരം കൊള്ളിച്ച എത്രയെത്ര കഥാപാത്രങ്ങൾ. മാറ്റങ്ങളുമായി മലയാള സിനിമ മുന്നോട്ട് കുതിക്കുകയാണ്, ഉടനെ തന്നെ അമ്പിളിക്കല വെള്ളിത്തിരയിൽ മിന്നുമെന്ന പ്രതീക്ഷയിൽ. പകരം വെക്കാൻ ആളില്ലാത്ത ഈ അഭിനയപ്രതിഭക്ക് ഒരായിരം ജന്മദിനാശംസകൾ