Entertainment

‘വ്യക്തിപരമായ’ കാര്യം; പൗരത്വ വിവാദങ്ങളോട് പ്രതികരിച്ച് അക്ഷയ് കുമാര്‍

തന്റെ പൗരത്വം സംബന്ധിച്ച വിവാദങ്ങള്‍ക്കിടയില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മറുപടി അറിയിച്ചു. ഇതെല്ലാം തന്റെ ‘വ്യക്തിപരമായ’ കാര്യങ്ങളാണെന്നും ആരും തന്നെ അനാവശ്യമായ താല്‍പര്യം ഇക്കാര്യത്തില്‍ പ്രകടിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.

തന്റെ പക്കല്‍ ഒരു കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്ന കാര്യം താന്‍ ഒരിക്കലും നിഷേധിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നില്ല. പിന്നെന്തിനാണ് ആളുകള്‍ ഇതിനെക്കുറിച്ച് വേവലാതിപ്പെടുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ കാനഡ സന്ദര്‍ശിച്ചിട്ടില്ല. ഇന്ത്യയിലാണ് താന്‍ ജീവിക്കുന്നത്, ഇവിടെയാണ് താന്‍ നികുതി അടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ‘രാഷ്ട്രീയം കലരാത്ത’ അഭിമുഖം നടത്തിയതിനെ തുടര്‍ന്നാണ് ഈ കോളിളക്കങ്ങളുണ്ടായത്. അക്ഷയ് കുമാറിന്റെ സാന്നിധ്യമില്ലാതെ ഭാര്യ ട്വിങ്കിള്‍ ഖന്ന വോട്ട് ചെയ്യാനെത്തിയതും വലിയ ചര്‍ച്ചയായിരുന്നു.