Entertainment

ഭൻവർ സിംഗ് ശെഖാവത്; ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ

അല്ലു അർജുൻ നായകനായി റിലീസാവാനിരിക്കുന്ന തെലുങ്ക് സിനിമയാണ് പുഷ്പ. ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ട്. വില്ലൻ എന്ന് പറഞ്ഞിരുന്നെങ്കിലും അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അപ്പിയറൻസ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തല മൊട്ടയടിച്ച് തീക്ഷ്ണമായ കണ്ണുകളുമായി മരണ മാസ് ലുക്കിലാണ് ഫഹദിൻ്റെ വേഷം. സമൂഹമാധ്യമങ്ങളിലൊക്കെ ഈ അപ്പിയറൻസ് പ്രചരിക്കുകയാണ്. (fahadh faasil pushpa villain)

ഭൻവർ സിംഗ് ശെഖാവത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക. അക്രമങ്ങൾക്കും അനീതിക്കും കൂട്ടുനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ എന്ന് അണിയറപ്രവർത്തകർ പറയുന്നു. കള്ളക്കടത്തുകാരൻ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സൂപ്പർ സംവിധായകൻ സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.

തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗമാണ് ഈ വർഷം ഡിസംബറിൽ റിലീസാവുക. രശ്മിക മന്ദാനയാണ് അല്ലുവിൻ്റെ നായിക. ഫഹദിനൊപ്പം മലയാളി സാന്നിധ്യമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ചിത്രത്തിൻ്റെ ശബ്ദമിശ്രണം നിർവഹിക്കും. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിൻ്റെ നിർമ്മാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ക്യാമറ കൈകാര്യം ചെയ്യും. എഡിറ്റിങ് കാര്‍ത്തിക ശ്രീനിവാസ്. പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുക.