Entertainment Movies

‘അണ്ണാത്തെ’യ്ക്ക് ആവേശ വരവേൽപ്പ്; ആദ്യ പ്രദർശനം കഴിഞ്ഞു; ആഘോഷത്തിമിര്‍പ്പില്‍ ആരാധകര്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെ ആഘോഷത്തിമിര്‍പ്പില്‍ തീയറ്ററുകളിൽ. കേരളത്തിലെ ആദ്യപ്രദർശനം കഴിഞ്ഞു. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രം രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണുള്ളത് എന്നാണ് പ്രതികരണങ്ങള്‍.

ദീപാവലി റിലീസായി എത്തിയ ചിത്രം ആഘോഷമാക്കുകയാണ് രജനി ഫാൻസ്. ചിത്രത്തിന്‍റെ ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ കാണാൻ ആരാധകർ പുലർച്ചെ മുതൽ തീയറ്ററുകൾക്കു മുൻപിൽ തടിച്ചു കൂടി. കൊട്ടും ബാൻഡ് മേളവുമായി തലൈവർ പടത്തെ ആരാധകർ വരവേറ്റു. ദീപാവലി ചിത്രം മാത്രമല്ല രജനി ആരാധകർക്ക് അണ്ണാത്തെ, സൂപ്പര്‍സ്റ്റാര്‍ ആശുപത്രി വിട്ടതിന്‍റെ ആഘോഷംകൂടിയാണ്.

അണ്ണാത്തെ തമിഴ്‌നാട്ടിൽ 650ലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകൾ 100% സീറ്റിംഗ് കപ്പാസിറ്റി പുനഃരാരംഭിച്ചതിനാൽ ഒരിടവേളയ്ക്ക് ശേഷം ആരാധകർ മുഴുവൻ സീറ്റുകളിൽ ഇരുന്നുകൊണ്ട് സിനിമ ആസ്വദിക്കാം.

വൻ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നായിക നയൻതാരയാണ്. മലയാളി താരം കീര്‍ത്തി സുരേഷ്, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങളില്‍ അണ്ണാത്തെയിലുണ്ട്. ആഘോഷിക്കാനുള്ള ഒരു രജനികാന്ത് ചിത്രം എന്ന നിലയ്‍ക്കുതന്നെയായിരുന്നു അണ്ണാത്തെ റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞത്.