ഇവര്‍ രണ്ടു പേരും ഇന്ത്യന്‍ സിനിമയിലെ പ്രണയനായകന്‍മാരാണ്. വെള്ളിത്തിരയെ പ്രേമത്തില്‍ കുളിപ്പിച്ചവര്‍. ഒരാള്‍ അങ്ങ് ബോളിവുഡിലാണ് പ്രണയം പടര്‍ത്തിയതെങ്കില്‍ മറ്റെയാള്‍ നമ്മുടെ മലയാളികളുടെ പ്രിയതാരമാണ്. അതേ..കിംഗ് ഖാന്‍ എന്ന ഷാരൂഖ് ഖാനും ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബനും ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ഷാരൂഖ് 55ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചാക്കോച്ചന് ഇന്ന് 44 വയസ് തികയുകയാണ്. പ്രായം തോല്‍പ്പിക്കാത്ത സൌന്ദര്യവും പ്രണയവുമായി രണ്ട് നായകന്‍മാരും ഇന്നും അഭ്രപാളിയില്‍ അരങ്ങ് തകര്‍ക്കുന്നു.
ബി ടൌണിന്‍റെ ബാദ്ഷാ
ബോളിവുഡില്‍ നിരവധി ഖാന്‍മാരുണ്ടെങ്കിലും കിംഗ് ഖാനെന്ന് പറയാന്‍ ആകെ ഒരാളെയുള്ളൂ അത് ഷാരൂഖ് ഖാനാണ്. 1992ല്‍ പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തില്‍ തുടങ്ങിയ ഷാരൂഖ് ഖാന്‍റെ സിനിമാജീവിതം 2018ല്‍ പുറത്തിറങ്ങിയ സീറോയില്‍ എത്തിനില്‍ക്കുന്നു. 2019ല്‍ പുറത്തിറങ്ങിയ സോയ ഫാക്ടറിന് വേണ്ടി നരേഷനും ലയണ്‍ കിംഗ് ഹിന്ദി പതിപ്പിന് വേണ്ടി ഡബ്ബിംഗും കിംഗ് ഖാന്‍ ചെയ്തു. ഇതിനിടയില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍,പുരസ്കാരങ്ങള്‍ ഷാരൂഖ് എന്ന നടന്‍റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഖാന്‍റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് പോലും പണം വാരിയ ചിത്രങ്ങളാണ്. ദിൽവാലേ ദുൽഹനിയ ലേജായേഗേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.
മലയാളത്തിന്‍റെ റൊമാന്‍റിക് ഹീറോ
അനിയത്തി പ്രാവിലൂടെ മലയാള സിനിമയിലേക്ക് വന്ന ഉദയാ കുടുംബത്തിലെ ഇളമുറ താരം കുഞ്ചാക്കോ ബോബനും ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ആദ്യചിത്രം ഹിറ്റായിരുന്നെങ്കിലും പിന്നീട് വന്ന ഒരേ ഗണത്തില്‍ പെട്ട സിനിമകള്‍ ചാക്കോച്ചന്‍റെ കരിയറിലെ പരാജയങ്ങളായിരുന്നു. പരാജയങ്ങള്‍ വിജയങ്ങളാക്കി വന്‍ തിരിച്ചുവരവാണ് 2010ല്‍ പുറത്തിറങ്ങിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ നടത്തിയത്.