ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന അടുത്ത ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ദുൽഖറിന്റെ രണ്ടാം ബോളിവുഡ് ചിത്രമായ ‘ദ സോയ ഫാക്ടറി’ന്റെ പോസ്റ്ററാണ് പുറത്ത് വന്നത്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോനം കപൂറാണ് ഡിക്യുവിന്റെ നായികയായി എത്തുന്നത്.
2008ൽ പുറത്തിറങ്ങിയ അനുജ ചൗഹാന്റെ ‘ദ സോയ ഫാക്ടർ’ എന്ന നോവലിനെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിൽ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ദുൽഖറിന്റെയും സോനം കപൂറിന്റെയും ചിത്രമാണ് പുറത്തിറങ്ങിയത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ആഡ്ലബ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം സെപ്തംബർ 20ന് തീയറ്ററുകളിലെത്തും.