ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയക്കാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ സക്കരിയ, മുഹ്സിന്‍ പെരാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരത്തിനര്‍ഹനായി. സ്വഭാവ നടനുള്ള പുരസ്കാരം വിനായകനാണ്. ഈ.മ.യൗവിലെ മെമ്പര്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തിലൂടെയാണ് വിനായകന്‍ അവാര്‍ഡിനര്‍ഹനായത്. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്കാരം രണത്തിലെ ടൈറ്റില്‍ ട്രാക്കിന് ലഭിച്ചു. മികച്ച നടിയായി വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മി അര്‍ഹയായി. മികച്ച ഛായാഗ്രാഹകന്‍ ഷൈജു ഖാലിദാണ്. സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ എന്നീ സിനിമകളുടെ ക്യാമറയാണ് ഖാലിദിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം രണ്ട് പേര്‍ക്കാണ് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയയിലെ ജമീലുമ്മ എന്ന കഥാപാത്രത്തിന് സാവിത്രി ശ്രീധരനും ഈ.മ.യൗ എന്ന ചിത്രത്തിലെ പെണ്ണമ്മ എന്ന കഥാപാത്രത്തിന് പൗളി വല്‍സനും ഈ അവാര്‍ഡ് പങ്കിട്ടെടുത്തു.