Entertainment

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്.. ….’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ


അടിച്ചമര്‍ത്തപ്പെട്ടവരുടെ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി ഇതാ ഒരു പാട്ട് കൂടി… ഉടയാളൻ!!

“നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്?

ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ് ??

പക്ഷേ അവര്‍ക്ക് വേണ്ടി, അവരുടെ ശബ്ദമായി ഇത് നമ്മളോട് ചോദിക്കുന്നത് രഞ്ജിത് ചിറ്റാടെയെന്ന സംവിധായകനാണ്. വരികളും വരികള്‍ക്ക് സംഗീതം നല്‍കിയതും അതിന് ദൃശ്യവിരുന്നൊരുക്കിയതും എല്ലാം രഞ്ജിത് ചിറ്റാടെ തന്നെ… നേരത്തെ തന്നെ വൈറലായിരുന്നുവെങ്കിലും ‘’ഏമാന്‍മാരെ ഏമാന്‍മാരെ ഞങ്ങളുമുണ്ടേ’’ എന്ന ഗാനം മെക്സിക്കന്‍ അപാരതയെന്ന ചിത്രത്തിന്‍റെ ഭാഗമായപ്പോഴാണ് പിന്നില്‍ ര‍ഞ്ജിത് ആണെന്ന് പലരും തിരിച്ചറിഞ്ഞതു പോലും. രഞ്ജിത് ഒരുക്കിയ പതിനൊന്നാം സ്ഥലമെന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജിത് ചിറ്റാടെ സംസാരിക്കുന്നു…

‘’അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം ഇല്ലാതാക്കിയിട്ട് ഒരു വർഷം പൂര്‍ത്തിയായിരിക്കുന്നു… ഇതുപോലൊരു പാട്ട് മാത്രമേ മധുവിനും പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു ജനതയ്ക്കും വേണ്ടി എനിക്ക് കൊടുക്കാനുള്ളൂ… രതീഷ് നാരായണനാണ് പാട്ട് പാടിയിട്ടുള്ളത്… ഡോക്ടർ വത്സലൻ ഗുരുവായൂരാണ് നിര്‍മാണം. ഒരു ആല്‍ബം സോംഗ് ആയിട്ടാണ് ആദ്യമിത് പ്ലാന്‍ ചെയ്തിരുന്നത്. പിന്നീട് ആണ് നണ്‍ ഓഫ് ദ എബൌ എന്ന സിനിമയുടെ പ്രോമോ സോങ് ആയി തീരുമാനിക്കുന്നത്. ‌ റാഫി മാഷാണ് നണ്‍ ഓഫ് ദ എബൌയുടെ സംവിധായകന്‍.’’

പീച്ചി മണിയൻകിണർ ആദിവാസി കോളനിയിലെ ജനങ്ങളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്… ആരും അഭിനേതാക്കളല്ല. മറ്റു പല പണികളും ചെയ്തു ജീവിക്കുന്ന സാധാരണയിൽ സാധാരണക്കാരായ ജനങ്ങൾ… എങ്കിലും പ്രൊഫഷണൽ നടന്മാരെ വെല്ലുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാൻ അവർക്ക് കഴിഞ്ഞിട്ടുള്ളതിന് കാരണം, ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം അവരുടെ ഉള്ളിൽ തന്നെയുള്ള രോഷങ്ങളാണ് എന്നതാണ്. താണുകേണ് ഒതുങ്ങിയിരിക്കുന്നിടത്തല്ല, തലയുയർത്തി നിവർന്നു നിൽക്കുന്നിടത്താണ് അരികുവൽക്കരിക്കപ്പെടുന്ന സമൂഹങ്ങളിൽ നല്ല മാറ്റങ്ങൾ സംഭവിക്കുന്നത്… ഈ പാട്ട് അതിനുള്ള ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാട്ട് പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ അക്കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവര് തന്നെ അഭിനയിക്കട്ടെ എന്നത് എന്‍റെ തീരുമാനമായിരുന്നു. നേരത്തേ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് പരിചയമുള്ള മേഖലയായിരുന്നു പീച്ചി മണിയന്‍കിണര്‍. അവിടെപ്പോയി അവിടുത്തെ ആദിവാസികളെ കണ്ട്, സംസാരിച്ച്, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അവരെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. അവരും നല്ല രീതിയില്‍ സഹകരിച്ചു.. ആ ഊര് മൊത്തം നമ്മുടെ കൂടെ നിന്നു… ഇവരെ അഭിനയിപ്പിച്ചെടുക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കുമെന്നൊരു മുന്‍ധാരണ എനിക്കുണ്ടായിരുന്നു… പക്ഷേ, വളരെ സ്വാഭാവികമായി അവരഭിനയിച്ചു.. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, അത് ഒരു പക്ഷേ ഇതിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് പറയാനുള്ള കാര്യങ്ങളാണ് എന്നതുകൊണ്ടായിരിക്കും. അപ്പോള്‍ അവര്‍ക്കത് അഭിനയിക്കേണ്ടി വരില്ലല്ലോ.. ഓരോ വരി പറയുമ്പോഴും ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് അവരോട് പ്രത്യേകിച്ച് വിശദീകരിക്കേണ്ടി വന്നില്ല… അവരുടെ ഊരില്‍തന്നെ പോയാണ് ഞാനത് ഷൂട്ട് ചെയ്തത്. അതുകൊണ്ടുതന്നെ അവര് അവരുടെ വീട്ടില്‍ നിന്ന് മുറ്റത്തേക്ക് ഇറങ്ങിയാണ് കഥാപാത്രമായി മാറിയത്… അവിടെയുള്ള കൊച്ചുകുട്ടികളെയും പ്രായമായവരെയും വരെ പാട്ടിന്‍റെ ഭാഗമാക്കിയിട്ടുണ്ട്… തുടക്കത്തില്‍ ഉണ്ടായ ചില ചില്ലറ ബുദ്ധിമുട്ടുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ഷൂട്ട് എനിക്ക് പെട്ടെന്നുതന്നെ തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു..

സ്കൂള്‍ കാലഘട്ടം കഴിഞ്ഞ കാലത്തുതന്നെ ആദിവാസി മേഖലകളിലേക്കും അതുപോലത്തെ വിഷയങ്ങളിലേക്കും നല്ലതുപോലെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. കാട് എന്നും ഒരു വീക്നെസ്സായിരുന്നു. കേരളത്തിലെ വനമേഖലകളിലങ്ങോളമിങ്ങോളം യാത്രകള്‍ നടത്തുക പതിവായിരുന്നു. അങ്ങനങ്ങനെ പോയിപ്പോയി അട്ടപ്പാടിയിലെ ഒരുപാട് ഊരുകള്‍ സന്ദര്‍ശിച്ചു… ഡിഗ്രികാലത്തു തന്നെ കേരളത്തിലെ ഒട്ടുമിക്ക ആദിവാസി ഊരുകളിലും സന്ദര്‍ശിച്ചു കഴിഞ്ഞിരുന്നു.. അതാണ് വയനാട്ടിലെ ആദിവാസികളെ കുറിച്ച് പതിനൊന്നാം സ്ഥലമെന്ന സിനിമയിലെത്തിച്ചത്. ആമസോണ്‍ കാടുകളെ പറ്റിയും അവിടുത്തെ ജീവിതങ്ങളെ പറ്റിയും പഠനം നടത്തി, ആമസോണ്‍- നരഭോജികള്‍ കാടേറുമ്പോള്‍ എന്നൊരു പുസ്തകം ഈ അടുത്ത കാലത്ത് പുറത്തിറക്കിയിട്ടുണ്ട്.

പതിനൊന്നാം സ്ഥലമെന്ന സിനിമയിലും കഥാപാത്രങ്ങള്‍ ആദിവാസികള്‍ തന്നെയാണല്ലോ?

പതിനൊന്നാം സ്ഥലം എന്ന സിനിമ വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെകുറിച്ചുള്ളതാണ്. വയനാട് സത്യത്തില്‍ ആ ആദിവാസികളുടേതാണ്. പക്ഷേ, നാള്‍ക്കുനാള്‍ അവിടേക്ക് ചുരം കയറി ചെല്ലുന്ന ഓരോരുത്തരും അവിടെ സ്ഥിരമാവുകയും അവിടത്തെ ഉടമസ്ഥരായി മാറുകയുമാണ്.. അങ്ങനെ വരുമ്പോ ഈ ആദിവാസികള്‍ ഒരുഭാഗത്ത് നിന്ന് അവിടുന്ന് എടുത്തെറിയപ്പെടുകയാണ്… കാടിറങ്ങി വരുന്ന ആദിവാസികള്‍ക്ക് ഒന്ന് തലചായ്ക്കാന്‍ ഒരിടം പോലും നല്‍കാതെ ഭൂമിയുടെ അവകാശം ഇവിടുന്ന് കുടിയേറി പാര്‍ത്തവര്‍ കയ്യേറിക്കൊണ്ടിരിക്കുകയാണ്… അതുകൊണ്ടാണ് അവിടെ ആദിവാസികള്‍ക്ക് സെറ്റില്‍മെറ്റിലുകളിലൊക്കെ താമസിക്കേണ്ടി വരുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് പതിനൊന്നാം സ്ഥലമെന്ന സിനിമ ചെയ്യുന്നത്.