കൊറോണ വൈറസിന്റെ വ്യാപനം തടയുക, കണ്ണി പൊട്ടിക്കുക എന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ ബ്രെയ്ക്ക് ദ ചെയിനില്‍ പങ്കാളികളായി സിനിമാ പ്രവര്‍ത്തകരും. അഭിനേതാക്കളായ ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, ജയറാം, ജയസൂര്യ, വിനീത് ശ്രീനിവാസന്‍, പാര്‍വതി തിരുവോത്ത്, ജോജു ജോര്‍ജ്, മഞ്ജു വാര്യര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, ആഷിഖ് അബു, അജു വര്‍ഗീസ്, മിഥുന്‍ മാനുവല്‍ തോമസ്, ഗോവിന്ദ് പദ്മസൂര്യ, ബിനീഷ് ബാസ്റ്റിന്‍, ഐശ്വര്യ ലക്ഷ്മി, വിധു പ്രതാപ്, മിയ, സുജാത മോഹന്‍, തന്‍വി റാം, സരയൂ മോഹന്‍, രഞ്ജി പണിക്കര്‍, രശ്മി സതീഷ്, ദിവ്യ ഗോപിനാഥ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ക്യാംപെയിന്‍റെ ഭാഗമായി ബോധവത്കരണ വീഡിയോകളുമായി രംഗത്തുവന്നത്.
കൊറോണ വൈറസ് പകരാതിരിക്കാന്‍ കൈകള്‍ ശുദ്ധമാക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവല്‍കരണ പരിപാടിയാണ് ബ്രെയ്ക്ക് ദ ചെയ്ന്‍. വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുക എന്നതാണ് ക്യാംപെയിന്‍റെ ഉദ്ദേശ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഓഫീസുകളില്‍ ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം. അല്ലെങ്കില്‍ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനമുണ്ടാക്കണം. റസിഡൻഷ്യൽ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങൾ പ്രവേശിക്കുന്നിടത്ത് ബ്രെയ്ക്ക് ദ ചെയിൻ കിയോസ്‌കുകൾ സ്ഥാപിക്കണം. ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് എന്നീ പൊതു ഇടങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പ് വരുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.