Entertainment

അവഞ്ചേഴ്സ് എന്‍റ് ഗെയിം റിലീസിന് മുമ്പേ തമിഴ് റോക്കേഴ്സില്‍

റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ, ക്രിസ്റ്റഫർ ഹെംസ്‍വർത്ത്‌, സ്‌കാർലെറ്റ് ജൊഹാൻസണ്‍, ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്‌ലി കൂപ്പർ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാര്‍വല്‍ ചിത്രങ്ങളില്‍ അവസാനത്തേതാണ് അവഞ്ചേഴ്സ് എന്‍റ് ഗെയിം.

ഇന്ത്യന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന എന്‍റ് ഗെയിം ഏപ്രില്‍ 26ന് റിലീസ് ചെയ്യാനിരിക്കെയാണ് തമിഴ്റോക്കേഴ്സിന്‍റെ ഇരയായത്. ചിത്രത്തിന്‍റെ ടിക്കറ്റ് സെക്കന്‍റില്‍ 18 എന്ന റെക്കോർഡ് വേഗത്തിലാണ് ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ വിറ്റ് പോയത്. ഇത് അവഞ്ചേഴ്സിന്‍റെ പ്രേക്ഷകപ്രീതി വെളിവാക്കുന്നു.

റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ സംവിധായകനും അണിയറപ്രവര്‍ത്തകരും വ്യാജപതിപ്പുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. വളരെയധികം മുടക്കുമുതലുംഒരുപാടു പേരുടെ അധ്വാനവുമാണ് ഈ സിനിമയെന്നും അത് തകര്‍ക്കരുതെന്നുമായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് തമിഴ്റോക്കേഴ്സ് ഉള്‍പ്പടെയുള്ള ടോറന്‍റ് സൈറ്റുകളില്‍ അവഞ്ചേഴ്സിന്‍റെ വ്യാജനെത്തിയത്.

മാര്‍വല്‍ കുടുംബത്തിലെ അവസാന അംഗമായ എന്‍റ് ഗെയിം ഇന്ത്യക്ക് പുറത്തുളള രാജ്യങ്ങളില്‍ 24നാണ് റിലീസിനെത്തിയത്. മുന്‍ചിത്രമായ ഇന്‍ഫിനിറ്റി വാറിന്‍റെ തുടര്‍ച്ചയാണ് എന്‍റ് ഗെയിം. എന്‍റ് ഗെയിമിലെ താനോസും അവഞ്ചേഴ്സും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് മാര്‍വല്‍ ആരാധക ലോകം.