കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപ സംഭാവനയുമായി സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സഹായവുമായി ബച്ചന്‍ രംഗത്തെത്തുന്നത്. ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കോവിഡ് സെൻറ്ററിലേക്കാണ് ബച്ചന്‍ തുക സംഭാവന നല്‍കിയത്. തിങ്കളാഴ്ച മുതല്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.
300 കിടക്കകൾ അടക്കം സജ്ജീകരിച്ച കോവിഡ് സെന്ററാണ് ഗുരുദ്വാരയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് വേണ്ട ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സ്, ഡോക്ടേഴ്‌സ്, മെഡിസിന്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയതായി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. വിദേശത്ത് നിന്ന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സ് എത്തിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ബച്ചന്‍ വാഗ്ദാനം ചെയ്‌തതായും അധികൃതർ ഗുരുദ്വാര അറിയിച്ചു. അതേസമയം ഡല്‍ഹിയില്‍ കോവിഡ് സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. മുന്നൂറിനടുത്താണ് രാജ്യതലസ്ഥാനത്ത് ദിനംപ്രതിയുള്ള കോവിഡ് മരണങ്ങൾ. ഈ സാഹചര്യത്തില്‍ പത്ത് ദിവസത്തേക്ക് കൂടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട് .