Entertainment

ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

ബോളിവുഡ് നടൻ അക്ഷയ് കുമാർ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നടത്താനിരുന്ന ‘ദി എൻ്റർടൈനേഴ്സ്’ ലൈവ് ഷോ ക്യാൻസൽ ചെയ്തു എന്ന് റിപ്പോർട്ട്. അക്ഷയ് കുമാറിൻ്റെ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്ന് ഇത്തരത്തിൽ സൂചന ലഭിച്ചതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയുടെ പ്രമോട്ടർമാരിൽ ഒരാളായ അമിത് ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിച്ചു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ടിക്കറ്റ് വില്പന മന്ദഗതിയിലായതിനാലാണ് ന്യൂ ജേഴ്സിയിലെ പ്രോഗ്രാം മാറ്റിയതെന്ന് അമിത് ജെയ്റ്റ്ലി പറഞ്ഞു. “പ്രോഗ്രാം ക്യാൻസൽ ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം ടിക്കറ്റ് വില്പന മന്ദഗതിയിലായതാണ്. ഞങ്ങളുടെ കാഴ്ചക്കാർക്ക് ഏറ്റവും നല്ല അനുഭവം നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.”- അമിത് ജെയ്റ്റ്ലി പറഞ്ഞതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 3ന് അറ്റ്ലാൻ്റ, 8ന് ഡാലസ്, 11ന് ഓർലാൻഡോ, 12ന് ഓക്‌ലൻഡ് എന്നീ സ്ഥലങ്ങളിൽ പ്രോഗ്രാം നടത്തുമെന്നാണ് അക്ഷയ് കുമാറിൻ്റെ പോസ്റ്റ്. മാർച്ച് നാലിന് തീരുമാനിച്ചിരുന്ന ന്യൂ ജേഴ്സി പ്രോഗ്രാമിനെപ്പടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ സൂചനയില്ല. അക്ഷയ് കുമാറിനൊപ്പം മൗനി റോയ്, ദിഷ പട്ടാനി, നോറ ഫതേഹി തുടങ്ങിയ താരങ്ങളും പ്രോഗ്രാമിൽ പങ്കെടുക്കും.