Entertainment

ജീവിക്കാനുള്ള അവകാശം ‘ദി ഡൽഹി ഫയൽസ്’; പുതിയ ചിത്രം പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി

വിവാദ ചിത്രം ദി കാശ്മീർ ഫയൽസിന് പിന്നാലെ തൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദി ഡൽഹി ഫയൽസ്’ എന്നാണ് പുതിയ സിനിമയുടെ പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവേക് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കാശ്മീർ ഫയൽസിനെ ഏറ്റെടുത്ത എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പുതിയ സിനിമയെ പറ്റിയുള്ള പോസ്റ്റ്.

“കഴിഞ്ഞ നാലു വർഷം അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും കഠിനാധ്വാനം ചെയ്തു. കാശ്മീർ ഹിന്ദുക്കൾ അനുഭവിച്ച യാതനകളെ പറ്റി മറ്റുള്ളർ ബോധവാന്മാരാവേണ്ടത് പ്രധാനമായിരുന്നു. കാശ്മീർ ഫയൽസിനെ സ്വീകരിച്ച എല്ലാവർക്കും നന്ദി.” ‘ദി ഡൽഹി ഫയൽസ്’ എന്ന പുതിയ ചിത്രത്തിന്റെ പണിയിലാണ് താനെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

ദി ഡൽഹി ഫയൽസ് എന്ന അടുത്ത ചിത്രത്തെ പറ്റി മുന്പ് തന്നെ അദ്ദേഹം സൂചനകൾ നൽകിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആരും പറയാത്ത കഥകൾ എന്ന ആശയത്തിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. സത്യത്തിനുള്ള അവകാശം എന്ന ടാഗ് ലൈനിൽ വന്ന ‘ദി തഷ്കെന്ത് ഫയൽസ്’, നീതിക്കുള്ള അവകാശം എന്ന വിശേഷണത്തോടെ അടുത്തിടെ പുറത്തിറങ്ങിയ ‘ദി കാശ്മീർ ഫയൽസ്’ എന്നിവയാണ് ആദ്യത്തെ രണ്ട് ചിത്രങ്ങൾ. ജീവിക്കാനുള്ള അവകാശം എന്ന വിശേഷണത്തിലാണ് മൂന്നാമത്തെ ചിത്രമായ ‘ദി ഡൽഹി ഫയൽസ്’ തയ്യാറാകുന്നത്.