രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ആളുകളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാർട്ടി രജിസ്റ്റര്‍ ചെയ്തത്. അതിനെതിരെ വിജയ് കേസ് കൊടുത്താൽ ജയിലിൽ പോകാനും തയ്യാറാണ്. പാർട്ടി രൂപീകരണത്തിന് എതിരായ പ്രസ്താവന വിജയുടെ പേരില്‍ വന്നതെങ്കിലും അത് വിജയ് എഴുതിയതാകില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച് അച്ഛനും മകനും തമ്മിൽ പ്രശ്നമുണ്ടെന്നും അവര്‍ പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്‌യുടെ അമ്മ ശോഭ പറഞ്ഞു. ചന്ദ്രശേഖര്‍ പറഞ്ഞതുപ്രകാരം ശോഭയാണ് പാര്‍ട്ടിയുടെ ട്രഷറര്‍. അസോസിയേഷന്‍ രൂപീകരിക്കാനെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ തന്‍റെ ഒപ്പ് വാങ്ങിയതെന്ന് ശോഭ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി ആണെന്ന് അറിയുമായിരുന്നില്ല. വിജയുടെ സമ്മതമില്ലാതെ അത്തരമൊരു പാര്‍ട്ടിയുടെ ഭാഗമാകാനില്ലെന്നും ശോഭ വ്യക്തമാക്കി.
ആരാധക സംഘടനയായ ‘ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ തനിക്ക് പങ്കില്ലെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുമായി തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല. തന്‍റെ ഫോട്ടോയോ പേരോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ നിയമപരമായി നേരിടുമെന്നും വിജയ് പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.