നടന്‍ ഷെയിന്‍ നിഗവുമായി ഇനി ചർച്ചക്ക് പ്രസക്തിയില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്. നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുന്നയാളുമായി എന്ത് ചർച്ച ചെയ്യാനാണെന്ന് രഞ്ജിത് ചോദിച്ചു. ഷെയിനുമായി മുമ്പും പല തവണ ചർച്ച നടത്തിയതാണെന്നും രഞ്ജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു.
ഷെയിന്‍ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനയില്‍ നിര്‍മാതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സിനിമ മുടങ്ങിയതില്‍ നിര്‍മാതാക്കള്‍ക്കുള്ള വിഷമത്തെ കുറിച്ചുള്ള ചോദ്യത്തിന് നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നായിരുന്നു ഷെയിന്‍റെ പ്രതികരണം.
ഷെയിനും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിരുന്നു. കൊച്ചിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അമ്മ ഭാരവാഹികളും ചർച്ചയും നടത്തി. ഇതിനിടയിലാണ് ഷെയ്നിന്റെ പ്രതികരണം വരുന്നത്. ഷെയിന്‍ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ല എന്ന നിലപാടും സംഘടനകള്‍ക്കുണ്ട്. തുടങ്ങിവെച്ച ചർച്ചകളില്‍ നിന്നും പിൻവാങ്ങാനാണ് സംഘടനകളുടെ തീരുമാനം.