കരാര്‍ ലംഘനം നടത്തിയെന്ന നിര്‍മ്മാതാവിന്റെ പരാതിയില്‍ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഇന്ന് നടപടി ഉണ്ടാകും. നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിർവ്വാഹക സമിതിയോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. ഷെയ്നെതിരെ ഒരു നിര്‍മ്മാതാവും കൂടി പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ കര്‍ശന നടപടി നടനെതിരെ വേണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് നിര്‍മ്മാതക്കളുടെ സംഘടന നിര്‍വ്വാഹക സമിതിയോഗം ചേരുക. ഷെയിൻ കരാർ ലംഘനം നടത്തിയത് ചർച്ച ചെയ്യാൻ നിർമാതാക്കളുടെ സംഘടനയുടെ അടിയന്തര യോഗം ഇന്നലെ ചേര്‍ന്നിരുന്നു . വെയില്‍ സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജാണ് സംഘടനക്ക് പരാതി നല്‍കിയത്. അതിനിടെ ഉല്ലാസം എന്ന ചിത്രം പൂർത്തിയാക്കാൻ കരാർ ഒപ്പിട്ടതിലും കൂടുതൽ പ്രതിഫലം ചോദിക്കുന്ന ഷെയ്നിന്റെ ശബ്ദരേഖ പുറത്തു വന്നു. ഇതോടെ ഇന്ന് നിര്‍വ്വാഹക,സമിതി യോഗം കൂടി ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ധാരണയായത്.
കടുത്ത നടപടി ഷെയ്നെതിരെ വേണമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടേയും അഭിപ്രായം. നിലവില്‍ കരാര്‍ അനുസരിച്ച് പൂര്‍ത്തിയാക്കേണ്ട 3 സിനിമകള്‍ തീര്‍ത്ത ശേഷം മാത്രം ഷെയ്നുമായി സഹകരിച്ചാല്‍ മതിയെന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഇതിനു പുറമെ എന്ത് നടപടി വേണമെന്നതിലാണ് ഇന്നത്തെ യോഗം തീരുമാനം എടുക്കുക. കടുത്ത നടപടികളിലേക്ക് കടക്കാതെ വിഷയം രമ്യമായി പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയാണ് ഷെയ്ന്‍ ഉള്ളത് എന്നാണ് സൂചന.