Entertainment

കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, തെറ്റുതിരുത്തുക

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ”വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക” ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റത്. അഖില്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ഥികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയിരുന്നു. ഇത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെ സംഘര്‍ഷം തുടങ്ങി.

അഖിലിനെ കുത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോളജിലെ എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. എസ്.എഫ്.ഐക്കെതിരെ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി.‌ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കോളജിലേക്ക് മടങ്ങിയെത്തിയതോടെ വീണ്ടും സംഘര്‍ഷമുണ്ടായി.

സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു. ഏത് പ്രത്യയശാസ്ത്രമാണ് അക്രമം നടത്തിയവര്‍ക്ക് തണല്‍ നല്‍കുന്നത്? സംഭവം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണെന്നും ശിരസ്സ് കുനിച്ച് മാപ്പപേക്ഷിക്കണമെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.