കോവിഡ് 19 ബാധ ലോകത്താകമാനം ഭീതി വിതച്ചതിന്റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ചിത്രീകരണം നിര്‍ത്തിവെക്കുന്ന ഘട്ടത്തില്‍ ആടുജീവിതം സിനിമ ചിത്രീകരണം തുടരുമെന്ന് സംവിധായകന്‍ ബ്ലെസി. ജോര്‍ദാനിലാണ് ആദ്യഘട്ട ചിത്രീകരണം ആരംഭിക്കുന്നത്. ആഗസ്റ്റ് വരെ ജോര്‍ദാനും പുറത്തും ചിത്രീകരണം തുടരുന്ന ചിത്രം തുടര്‍ച്ചയായ ഷെഡ്യൂളുകള്‍ അല്ലായിരിക്കുമെന്ന് സംവിധായകന്‍ ബ്ലെസി ടൈംസ് ഓഫ് ഇന്ത്യ-ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അല്‍ജീരിയ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലും ആടുജീവിതം ചിത്രീകരണം നടത്തുമെന്ന് ബ്ലെസി അറിയിച്ചു.
സിനിമയില്‍ വിനീത് ശ്രീനിവാസനും അപര്‍ണ ബാലമുരളിയും ഭാഗമാകുന്നുവെന്ന വാര്‍ത്തകളോടും ബ്ലെസി പ്രതികരിച്ചു. ബെന്യാമിന്റെ ആടുജീവിതം പ്രമേയമാക്കി ഒരുക്കുന്ന സിനിമയായതിനാല്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഒന്നും തന്നെ കഥയിലും തിരക്കഥയിലും ഇല്ലാത്തതിനാല്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് ബ്ലെസി പറഞ്ഞു.
നീണ്ട ഇടവേളക്ക് ശേഷം എ.ആര്‍ റഹ്‍മാന്‍ സംഗീതം നല്‍കുന്ന മലയാളം ചിത്രം കൂടിയാണ് ആടുജീവിതം. ഇതിനിടെ ആദ്യ ഗാനത്തിന്‍റെ റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയായെന്നും അത് വിജയ് യേശുദാസാണ് പാടിയതെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നു. സംഗീത് ശിവന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ യോദ്ധ ആണ് എ.ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രവും ആദ്യ മലയാള ചിത്രവും.
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015-ലെ പത്മപ്രഭാ പുരസ്കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ആടുജീവിതം സിനിമ പുറത്തിറങ്ങുക.