Entertainment

ജനകീയ സിനിമയിലെ ഒറ്റയാനായി അരങ്ങുവാണു; അതുല്യപ്രതിഭ ജോണ്‍ എബ്രഹാമിന്റെ ഓര്‍മകള്‍ക്ക് 36 വയസ്

ജനകീയ സിനിമ എന്ന ആശയം യാഥാര്‍ഥ്യമാക്കിയ വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മ ദിവസമാണ് ഇന്ന്. വെറും നാലേ നാല് സിനിമകളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ അസാമാന്യ കലാകാരനായിരുന്ന ജോണ്‍ എബ്രഹാം വിടപറഞ്ഞിട്ട് 36 വര്‍ഷമാകുന്നു.

1980കളില്‍ കോഴിക്കോട്ടെ തെരുവുകളിലൂടെ കൂട്ടുകാരുമൊത്ത് ബക്കറ്റ് പിരിവിനിറങ്ങി ജനകീയ പങ്കാളിത്തത്തോടെയുള്ള സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച മലയാള സിനിമയിലെ പ്രതിഭാസമാണ് ജോണ്‍ എബ്രഹാം. 1937 ഓഗസ്റ്റ് 11 നു കുന്നംകുളത്ത് ജനനം. മലയാള സിനിമയുടെ സത്യജിത് റേ എന്ന് അറിയപ്പെട്ടു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം കോയമ്പത്തൂരില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന് ഓഫ് ഇന്ത്യയില്‍ മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. പിന്നീട് സിനിമയോടുള്ള അഭിനിവേശം ജോണിനെ പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചു.

1969ല്‍ സ്വര്‍ണമെഡലോടെ സംവിധാനത്തില്‍ ഡിപ്ലോമ നേടിയ ജോണ്‍ വിഖ്യാത ബംഗാളി സംവിധായകന്‍ ഋഥ്വിക് ഘട്ടക്കിന്റെ ശിഷ്യനായിരുന്നു. 1972ല്‍ നിര്‍മിച്ച കേരളത്തിലെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിമര്‍ശനമായിരുന്ന ‘വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ’ ആയിരുന്നു ജോണിന്റെ ആദ്യ സിനിമ. തുടര്‍ന്ന് 1977 ല്‍ അഗ്രഹാരത്തിലേ കഴുതൈ എന്ന ശ്രദ്ധേയ ചിത്രം ചെയ്തു. സവര്‍ണ മേധാവിത്വത്തിനെതിരെയുള്ള ശക്തമായ സന്ദേശമായിരുന്ന ഈ സിനിമ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചെങ്കിലും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി വിമര്‍ശകരുടെ വായടപ്പിച്ചു.

1979ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്ന സിനിമയാണ് ജോണിന്റേതായി പുറത്തു വന്നത്. ഫ്യൂഡല്‍ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും വരച്ചു കാട്ടിയ ചിത്രമായിരുന്നു ഇത്. കോഴിക്കോട് കേന്ദ്രമായി ജോണ്‍ സ്ഥാപിച്ച ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയുടെ ശ്രമഫലമായി ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് 1986ല്‍ അമ്മ അറിയാന്‍ എന്ന പ്രശസ്ത സിനിമ നിര്‍മ്മിച്ചത്.

1987 മെയ് 31 നു തന്റെ 49ാമത്തെ വയസ്സില്‍ കോഴിക്കോട് ഒരു ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിക്കുമ്പോള്‍ എഴുതപ്പെടാത്ത നിരവധി കഥകളും ചിത്രീകരിക്കാത്ത അനവധി ഫ്രെയിമുകളും ജോണ്‍ എബ്രഹാം ബാക്കി വെച്ചിരുന്നു..